|

പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം; ചന്ദ്രശേഖര്‍ ആസാദിനെ കാണാന്‍ ആശുപത്രിയിലെത്തി സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്‌റംഗ് പുനിയയും. അക്രമികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടി പോരാടുന്നവരാണ് ഇന്ന് ആക്രമിക്കപ്പെടുന്നതെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു.

‘സത്യത്തിന് വേണ്ടി പോരാടുന്നവരാണ് ഇന്ന് ആക്രമിക്കപ്പെടുന്നത്. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. സത്യത്തിനായി പോരാടുന്നവരുടെ കൂടെ നില്‍ക്കുന്ന ആളാണ് ചന്ദ്രശേഖര്‍. ഗുസ്തി താരങ്ങളുടെ സമരത്തിലും കര്‍ഷകരുടെ സമരത്തിലുമെല്ലാം അദ്ദേഹം ഉണ്ടായിരുന്നു’ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമരത്തിന് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും പുനിയ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രശേഖറിനെതിരെ ഉണ്ടായ ആക്രമണം ലജ്ജാകരമാണെന്ന് സാക്ഷി മാലിക്കും പറഞ്ഞു. പൊലീസ് എത്രയും പെട്ടെന്ന് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

‘യുപിയില്‍ ഇപ്പോള്‍ നടക്കുന്നത് ജംഗിള്‍ രാജാണ്. രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പോലും രക്ഷയില്ല. അപ്പോള്‍ ബി.ജെ.പി ഭരണത്തിന് കീഴില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും,’ അഖിലേഷ് യാദവ് ചോദിച്ചു.

ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന അക്രമങ്ങള്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ സിങ് യാദവും പറഞ്ഞിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നുവെന്നാണ് സംഭവം വ്യക്തമാക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.15ഓടെയാണ് വെടിവെപ്പുണ്ടായത്.

അതേസമയം, ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ആസാദിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

അക്രമികള്‍ സഞ്ചരിച്ചിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് ഇടുപ്പിന് പരിക്കേറ്റത്. വെടിവെപ്പ് നടക്കുമ്പോള്‍ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

Content Highlight: Wrestlers Sakshi Malik and Bajrang Punia visited Chandrashekhar Azad

Latest Stories