| Tuesday, 30th May 2023, 7:20 pm

ഗംഗാ തീരത്ത് വൈകാരിക നിമിഷങ്ങള്‍; മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് ഗുസ്തി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദ്വാര്‍: ഒരായുസിന്റെ മുഴുവന്‍ അധ്വാനത്തിന്റെ ശ്രമഫലമായി ലഭിച്ച അന്താരാഷ്ട്ര മെഡലുകള്‍ ഉള്‍പ്പെടെ എല്ലാ മെഡലുകളും ഗംഗാ നദിയില്‍ ഒഴുക്കാനെത്തി രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍. രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് ഹരിദ്വാറില്‍ ഇന്ന് അരങ്ങേറിയത്.

ലൈംഗികാരോപണ വിധേയനായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ഗംഗയില്‍ ഒഴുക്കാനെത്തിയ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരെയാണ് കാണാനായത്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് വന്‍ ജനാവലിയാണ് ഹരിദ്വാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക നേതാക്കളും നിരവധി കായിക താരങ്ങളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.  മെഡല്‍ ഒഴുക്കി കളയരുതെന്നും കര്‍ഷക നേതാക്കള്‍ താരങ്ങളോട് അഭ്യര്‍ത്ഥിച്ചു.

രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ താരങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ഗുസ്തി സമരങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയര്‍പ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പുനല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം കൂടി നല്‍കുമെന്നും അതിനുള്ളില്‍ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Content Highlights: wrestlers reached haridwar, ready to immerse medals in Ganga

Latest Stories

We use cookies to give you the best possible experience. Learn more