ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തി താരങ്ങളുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പുതിയ പാര്‍ലമെന്റിന് മുന്‍പില്‍ വനിതാ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു.
ഖാപ് പഞ്ചായത്ത് നേതാക്കളും കര്‍ഷകരും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഐ.ടി.ഒ റോഡിനും ടിക്രി അതിര്‍ത്തിക്കും സിംഗു അതിര്‍ത്തി പ്രദേശത്തിനും സമീപം ദല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, നാര്‍ക്കോട്ടിക് ടെസ്റ്റിന് തയ്യാറാണെന്നും പുതിയ പാര്‍ലമെന്റിന് സമീപം പ്രക്ഷോഭങ്ങളോന്നും നടത്തരുതെന്നും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ് ആവശ്യപ്പെട്ടു.
‘രാജ്യത്തിന് പുതിയൊരു പാര്‍ലമെന്റ് മന്ദിരം ലഭിച്ചിരിക്കുകയാണ്. ഇതൊരു അഭിമാന നിമിഷമാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി ഞാനറിഞ്ഞു. ഞാനവരോട് അഭ്യര്‍ത്ഥിക്കുകയാണ്, ഞാന്‍ എല്ലാറ്റിനും തയ്യാറാണ്, നാര്‍ക്കോട്ടിക്ക് ടെസ്റ്റിനും തയ്യാറാണ്. പക്ഷെ ഇതൊരു അഭിമാന നിമിഷമാണ്. അതുകൊണ്ട് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കരുത്. ലോകത്തിന് ഒരു തെറ്റായ സന്ദേശം ലഭിക്കരുത്,’ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
പാര്‍ലമെന്റിന് മുന്‍പില്‍ സമാധാനപരമായി വനിതാ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞ ദാവസം ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നത്.
‘ദല്‍ഹിയെ ആകെ പൊലീസ് അടച്ചിട്ടുണ്ട്. എന്നാല്‍ മഹിള പഞ്ചായത്തില്‍ പങ്കെടുക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. യാതൊരു പ്രകോപനവും കൂടാതെ തന്നെ പൊലീസ് ഞങ്ങളോട് ക്രൂരമായി പെരുമാറുകയാണ്,’ വിനേഷ് പറഞ്ഞു.
35 ദിവസമായി ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുകയാണ്. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ഭൂഷണെതിരെ ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം, പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ചെങ്കോല്‍ നിയമസഭാ സ്പീക്കറുടെ ചേമ്പറിന് സമീപം സ്ഥാപിച്ചു. ചടങ്ങില്‍ നിര്‍മാണ തൊഴിലാളികളുടെ പ്രതിനിധികളെ ആദരിക്കുകയും ചെയ്തു.
നേരത്തെ, പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം എത്തിയിരുന്നു. ചടങ്ങ് ബഹിഷ്‌കരിച്ചുകൊണ്ട് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയിറക്കുകയു ചെയ്തിരുന്നു.
CONTENTHIGHLIGHT: Wrestlers protest; security has been beefed up in delhi