| Friday, 9th June 2023, 4:21 pm

ഗുസ്തി താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല; ദല്‍ഹി പൊലീസ് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദല്‍ഹി പൊലീസ്. താരങ്ങള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി എം.പിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് കാട്ടിയാണ് ഹരജി നല്‍കിയിരുന്നത്. അടല്‍ ജന്‍ പാര്‍ട്ടിയുടെ തലവനെന്ന് അവകാശപ്പെടുന്ന ബം ബം മഹാരാജിന്റെ പേരിലാണ് ഹരജി സമര്‍പ്പിച്ചിട്ടുളളത്. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ക്കെതിരെയാണ് ഹരജി.

ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നും ഇത് വിദ്വേഷ പ്രസംഗത്തിന്റെ കീഴില്‍ വരുമെന്നും പരാതിയില്‍ ആരോപിക്കുന്നതായി ദല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. താരങ്ങള്‍ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച വീഡിയോയില്‍ ഗുസ്തി താരങ്ങള്‍ മുദ്രാവാക്യം വിളക്കുന്നതോ വിദ്വേഷ പ്രസംഗം നടത്തുന്നതോ ഇല്ലെന്ന് പൊലീസ് പറയുന്നു.

‘പരാതിയുടെ ഉള്ളടക്കത്തിലോ അവര്‍ സമര്‍പ്പിച്ച വീഡിയോയിലോ വിദ്വേഷ പ്രസംഗം നടത്തിയതായുള്ള തെളിവുകള്‍ ഇല്ല. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ ഇല്ല,’ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹരജി തള്ളാനും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ ഏഴിലേക്ക് മാറ്റി. മെയ് 25നാണ് പരാതിയില്‍ എ.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.

അതേസമയം, ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു.

ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അവര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്ന് പൂനിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂറും പറഞ്ഞിരുന്നു.

Content Highlight: Wrestlers didn’t made any hate speech: Delhi police on court

We use cookies to give you the best possible experience. Learn more