| Monday, 26th June 2023, 9:47 pm

ബ്രിജ് ഭൂഷണെതിരെയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വേണ്ടി ദല്‍ഹി കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങള്‍.

ജൂണ്‍ 15നാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 354, 354 എ, 506 എന്നീ വകുപ്പുകള്‍ ചുമത്തി സിറ്റി പൊലീസ് കുറ്റപത്രം ചുമത്തിയത്.

അഡീഷണല്‍ ചീഫ് മെത്രോപ്പൊളിടന്‍ മജിസ്‌ട്രേറ്റായ ഹര്‍ജീത് സിങ് ജസ്പല്‍ നാളെ കുറ്റപത്രം പരിഗണിക്കാനിരിക്കെയാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

എന്നാല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പീയിങ് ഏജന്‍സിക്ക് വേണ്ടി കോടതിയുടെ കോപ്പീയിങ് ഏജന്‍സിയുമായി ബന്ധപ്പെടാന്‍ കോടതി നിര്‍ദേശിച്ചു.

സസ്‌പെന്‍ഷനിലായിരിക്കുന്ന റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് ടോമറിന്റെ പേരും കുറ്റപത്രത്തിലുണ്ട്. സെഷന്‍ 109, സെഷന്‍ 354, സെഷന്‍ 354 എ, സെഷന്‍ 506 എന്നീ വകുപ്പുകളാണ് വിനോദിന്റെ പേരിലുള്ളത്.

നിലവിലുള്ള കേസിന് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസും ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം ബ്രിജ് ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയില്‍ തുടരുമെന്ന് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകളില്‍ പുരോഗതി കാണുന്നതിനാലാണ് തെരുവിലുള്ള സമരം അവസാനിപ്പിക്കുന്നതെന്ന് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ പറഞ്ഞിരുന്നു.

ചാംപ്യന്‍ഷിപ്പ് ട്രയലുകള്‍ക്ക് താരങ്ങള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് താരങ്ങള്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. ബജ്റംഗ് പുനിയ, സാക്ഷി മലിക്, സത്യവര്‍ത്ഥ് കഠിയാന്‍, സംഗീത ഫോഗട്ട് , ജിതേന്ദര്‍ കുമാര്‍ , വിനേഷ് ഫോഗട്ട് എന്നിവരാണ് കേന്ദ്രത്തിന് കത്തുനല്‍കിയത്.

മത്സരത്തിന് മുമ്പ് ആറുമാസത്തോളമായി സമരമുഖത്തായിരുന്നതിനാല്‍ കായികക്ഷമത വീണ്ടെടുക്കേണ്ടതുണ്ടെന്ന് താരങ്ങള്‍ പറഞ്ഞു. ശത്രുക്കള്‍ താരങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വിനേഷ് ഫോഗട്ടും പ്രതികരിച്ചു.

content highlights: Wrestlers demand copy of charge sheet against Brij Bhushan

We use cookies to give you the best possible experience. Learn more