നിങ്ങള്‍ ആദ്യം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു കാണിക്കൂ; മോദിയോട് ഗുസ്തിതാരങ്ങള്‍
Daily News
നിങ്ങള്‍ ആദ്യം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിച്ചു കാണിക്കൂ; മോദിയോട് ഗുസ്തിതാരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2024, 12:39 pm

ന്യൂദല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെപ്പോലുള്ളവരെ കായിക രംഗത്ത് നിന്നും പുറത്താക്കാന്‍ മോദിയോട് ആവശ്യപ്പെട്ട് ‘സ്ത്രീശക്തി ‘ മുദ്രാവാക്യവുമായി ഗുസ്തി താരങ്ങള്‍.

കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധികാരങ്ങള്‍ തിരിച്ചു നല്‍കിയ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ഗുസ്തി താരങ്ങള്‍.

എതിരാളികളെ നേരിടാന്‍ സ്ത്രീശക്തി എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് അറിയാവുന്ന ആളാണ് മോദി എന്നും ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം തങ്ങളും അറിയട്ടെ എന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് എക്‌സില്‍ കുറിച്ചിരുന്നു. വനിതാ താരങ്ങളെ ചൂഷണം ചെയ്ത ശരണ്‍ സിങ് വീണ്ടും ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് എത്തും.

സ്ത്രീകളെ കേവലം പരിചയായി ഉപയോഗിക്കാതെ കായിക രംഗത്ത് ഇത്തരം ചൂഷണം ചെയ്യുന്നവരെ പുറത്താക്കാന്‍ പ്രധാനമന്ത്രി എന്തെങ്കിലും ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നതായും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഫോഗട്ട് പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികള്‍ നിയമത്തിനതീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാക്ഷി മാലിക്കും പറഞ്ഞിരുന്നു.

‘ഈ രാജ്യത്തെ അധികാരികള്‍ നൂറ്റാണ്ടുകളായി സ്ത്രീകളെ ബഹുമാനിച്ചു എന്നതിന് ചരിത്രം സാക്ഷിയാണ്. ശരണ്‍സിങ് ധനികനായ ഒരു ദുഷ്ടനും ശക്തനുമാണ്. സര്‍ക്കാരിനും ഭരണഘടനക്കും ജുഡീഷ്യറിയും മുകളിലാണ് അയാള്‍. സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്താലും ബ്രിജ് ഭൂഷണും സഞ്ജയ് സിങ്ങും ഫെഡറേഷന്റെ തലപ്പത്തെത്തും എന്ന മട്ടിലാണ്. അത് ശരിയാണെന്നും തെളിയിക്കപ്പെട്ടു,’സാക്ഷി മാലിക് പറഞ്ഞു.

 

 

Content highlight: Wrestlers ask Narendra Modi to work for women