ന്യൂദല്‍ഹി: ശക്തരായ ആളുകള്‍ക്കെതിരെ പോരാടുകയെന്നത് ബുദ്ധിമുട്ടുളള കാര്യമാണെന്ന് ഗുസ്തി താരങ്ങള്‍. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ ആരോപണമുന്നയിച്ചത്.
കമ്മിറ്റി രൂപീകരിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് അനുരാഗ് ഠാക്കൂര്‍ ശ്രമിച്ചതെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തി. കായിക മന്ത്രിയോട് സംസാരിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും എല്ലാ അത്ലറ്റുകളും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് മന്ത്രിയോട് പറഞ്ഞിരുന്നെന്നും ഫോഗട്ട് പറഞ്ഞു. എന്നാല്‍ നടപടിയെടുക്കാതെ കമ്മിറ്റി രൂപീകരിച്ച് തങ്ങളുടെ പരാതി ഒതുക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക ആരോപണമുയര്‍ത്തി ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പ്രതിഷേധിക്കുകയാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങള്‍.
ബ്രിജ് ഭൂഷണ്‍ സിങിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടാം ഘട്ടമാണ് താരങ്ങള്‍ പ്രതിഷേധിക്കുന്നത്. ‘ തന്റെ അധികാരത്തെയും സ്ഥാനത്തെയും ദീര്‍ഘകാലമായി ദുരുപയോഗം ചെയ്യുന്ന ഒരാള്‍ക്കെതിരെ പോരാടുകയെന്നത് ബുദ്ധിമുട്ടാണ്, ഫോഗട്ട് പറഞ്ഞു.
ജന്ദര്‍ മന്ദിറില്‍ പ്രതിഷേധം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉദ്യോഗസ്ഥരെ ഗുസ്തി താരങ്ങള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ഫോഗട്ട് ആരോപിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും ഗുസ്തി താരങ്ങള്‍ ആരോപണമുന്നയിച്ചു.
കമ്മിറ്റി രൂപീകരിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് താരങ്ങള്‍ കുറ്റപ്പെടുത്തി. കായിക മന്ത്രിയോട് സംസാരിച്ചതിന് ശേഷമാണ് ഞങ്ങള്‍ ആദ്യഘട്ട പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ അത്ലറ്റുകളും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് മന്ത്രിയോട് പറഞ്ഞിരുന്നു. എന്നാല്‍ നടപടിയെടുക്കാതെ കമ്മിറ്റി രൂപീകരിച്ച് ഞങ്ങളുടെ പരാതി ഒതുക്കുകയാണ് അദ്ദേഹം ചെയ്തത്,’ ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും പല രാഷ്ട്രീയ നേതാക്കളും ഇതിനകം തന്നെ രംഗത്ത്‌വന്നിട്ടുണ്ട്. അതേസമയം, താന്‍ രാജിവെച്ചാല്‍ ആരോപണം ശരിയാണെന്ന് സമ്മതിക്കലാണെന്ന് ചൂണ്ടക്കാട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ ബ്രിജ് ഭൂഷണ്‍ തയ്യാറായിട്ടില്ല.
Content Highlight: Wrestler Vinesh Phogat’s big allegation against Anurag Thakur