ചണ്ഡീഗഡ്: ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. രണ്ടാംഘട്ട കര്‍ഷക സമരം 200 ദിനത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിനേഷ് ശംഭു അതിര്‍ത്തിയില്‍ എത്തി. അതേസമയം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താരം ഉത്തരം നല്‍കുകയും ചെയ്തു.
മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തന്നിലല്ലെന്നും കര്‍ഷക സമരത്തിലാണെന്നും വിനേഷ് പറഞ്ഞു. തന്റെ സന്ദര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കര്‍ഷകരുടെ സമരവും പോരാട്ടവും പാഴാകുമെന്നും വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടി.
‘ഇക്കാര്യത്തെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ കുടുംബാംഗങ്ങളായ കര്‍ഷകരെ കാണാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ ഇതിനെ വളച്ചൊടിച്ചാല്‍ എന്റെ കുടുംബാംഗങ്ങളുടെ പോരാട്ടവും സമരവും പാഴാകും. എന്നിലല്ല, കര്‍ഷക സമരത്തിലാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞാന്‍ ഒരു കായിക താരവും ഇന്ത്യന്‍ പൗരയുമാണ്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് എനിക്ക് ഒരു ആശങ്കയുമില്ല. കര്‍ഷകരുടെ ക്ഷേമത്തില്‍ മാത്രമാണ് എന്റെ ശ്രദ്ധ,’ എന്നാണ് വിനേഷ് ഫോഗട്ട് പറഞ്ഞത്.
2024 പാരീസ് ഒളിമ്പിക്‌സില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ വിനേഷ് ഫോഗട്ട്, മത്സരത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. ഫൈനലിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. എന്നാല്‍ അയോഗ്യത എന്ന ബാധ്യത ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി, പ്രസിഡന്റ് പി.ടി. ഉഷ വിനേഷിനെ തള്ളുകയായിരുന്നു.
ഇതിനുപിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാനയിലെ രാജ്യസഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷിന് കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് താരത്തോട് ചോദ്യമുയര്‍ത്തിയത്.
ഓഗസ്റ്റ് 31ന് കര്‍ഷക സമരം 200 ദിവസത്തിലെത്തിയ പശ്ചാത്തലത്തിലാണ് വിനേഷ് ശംഭു അതിര്‍ത്തിയില്‍ എത്തുന്നത്. വലിയ ആവേശത്തോടെയാണ് കര്‍ഷക നേതാക്കള്‍ വിനേഷിനെ സ്വാഗതം ചെയ്തത്.
ഒരു വ്യക്തി തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിനെ മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ കണ്ണടയിലൂടെ കാണരുത്. അവരുടെ ആവശ്യങ്ങള്‍ ന്യായമാണ്. അത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. താന്‍ ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്ന് വളര്‍ന്നുവന്ന ഒരാളാണ്. എങ്ങനെയാണ് തന്റെ അമ്മ തന്നെ വളര്‍ത്തിയതെന്ന് നന്നായി അറിയാമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്രമുണ്ട്. അത് കേള്‍ക്കാനുള്ള കടമ സര്‍ക്കാരിനുമുണ്ടെന്നും വിനേഷ് ചൂണ്ടിക്കാട്ടി. കര്‍ഷക സമരത്തെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും വിനേഷ് പറഞ്ഞു.
Content Highlight: Wrestler Vinesh Phogat has supported the ongoing farmers’ strike at Shambhu border in Haryana