ന്യൂദല്‍ഹി: ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം മാറ്റിവെക്കുന്നതായി ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ഗുസ്തി താരം ബജ്റംഗ് പൂനിയ എ.എന്‍.ഐയോട് പറഞ്ഞു.
ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താരങ്ങള്‍ മുന്നോട്ട് വെച്ചെന്നും അതുവരെ സമരം നടത്തരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്നും പൂനിയ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര കായികമന്ത്രിയുമായി ചില വിഷയങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം താരങ്ങള്‍ മുന്നോട്ട് വെച്ചുവെന്നും ബജ്റംഗ് പൂനിയ പറഞ്ഞു. ‘അതുവരെ സമരങ്ങള്‍ നടത്തരുതെന്ന ആവശ്യം മന്ത്രിയും ഉയര്‍ത്തി. വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്.
#WATCH | We had a discussion on some issues. Police investigation should be completed by 15th June and the minister has requested us not to hold protests until then. He also said the security of female wrestlers will be taken care of. We have requested that all FIRs against… pic.twitter.com/rPXCpPcMwU
ഗുസ്തിക്കാര്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും തിരിച്ചെടുക്കണമെന്ന തങ്ങളുടെ ആവശ്യം അദ്ദേഹം സമ്മതിച്ചു. ഞങ്ങളോടൊപ്പം സമരം ചെയ്ത കര്‍ഷക, വനിതാ സംഘടനകളുമായി ചര്‍ച്ച ചെയ്തു ഭാവികാര്യങ്ങള്‍ തീരുമാനിക്കും. ഗുസ്തി സമരം പൂര്‍ണമായി അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല,’ പൂനിയ പറഞ്ഞു.