| Sunday, 23rd April 2023, 3:55 pm

ലൈംഗികാരോപണം; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ വീണ്ടും സമരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗികാരോപണക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, വിനേഷ് ഫോഗാട്ട് അടക്കമുള്ള ഗുസ്തി താരങ്ങളാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബ്രിജ് ഭൂഷണിനെതിരെ രണ്ട് ദിവസം മുമ്പ് ദല്‍ഹി പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ലെന്ന് താരങ്ങള്‍ ആരോപിച്ചു. എത്രയും വേഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞതായി ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നും താരങ്ങള്‍ പറഞ്ഞു.

ലൈംഗിക ആരോപണം അന്വേഷിക്കാനായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കേന്ദ്ര കായിക മന്ത്രാലയവും നിയോഗിച്ച സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും പ്രതിഷേധത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരിയില്‍ അന്നത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ മുപ്പതോളം താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗുസ്തി താരങ്ങളും പരിശീലകരും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കായിക മന്ത്രി അനുരാഗ് സിങ് താക്കൂറടക്കം താരങ്ങളുമായി ചര്‍ച്ച നടത്തുകയും പരാതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേരി കോം അധ്യക്ഷയായ സമിതിയെ പരാതി അന്വേഷിക്കാന്‍ നിയോഗിച്ചു. എന്നാല്‍ സമിതി ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടല്ല.

നേരത്തെ ലൈംഗികാരോപണത്തിന് പുറമെ ഗുസ്തി താരങ്ങളെ ശാരീരികമായി ഉപദ്രവിച്ചതിനും ബ്രിജ് ഭൂഷണിനെതിരെ കേസ് നിലവിലുണ്ട്. റാഞ്ചിയില്‍ നടന്ന പൊതുയോഗത്തിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച ബ്രിജ് ഭൂഷണിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ബ്രിജ് ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Content Highlight: Wresling players again protesty agaisnt brij bhushan sharan singh

We use cookies to give you the best possible experience. Learn more