|

ടൈറ്റന്‍ അന്തര്‍വാഹിനിയുടെ തിരച്ചിലിനിടെ ടൈറ്റാനിക്കിന് സമീപം അവശിഷ്ടം; വിലയിരുത്തുകയാണെന്ന് യു.എസ്‌. കോസ്റ്റ് ഗാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ടൈറ്റാനിക്ക് കാണാനായി അഞ്ച് പേരെയും വഹിച്ച് യാത്ര പുറപ്പെട്ട ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ടൈറ്റന്‍ അന്തര്‍വാഹിനിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ടൈറ്റാനിക്കിന് സമീപം കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യു.എസ്. കോസ്റ്റല്‍ ഗാര്‍ഡാണ് വ്യാഴാഴ്ച അറിയിച്ചത്.

ലഭിച്ച വിവരങ്ങള്‍ വിലയിരുത്തുകയാണെന്ന് യു.എസ്‌. കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അടിയന്തര സാഹചര്യങ്ങളില്‍ 96 മണിക്കൂര്‍ ആവശ്യമായ ഓക്‌സിജന്‍ ടൈറ്റനിലുണ്ട്. എന്നാല്‍ കഷ്ടിച്ച് രണ്ട് മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍ മാത്രമാണ് അതിലുള്ളൂവെന്നാണ് ഇന്ന് ഉച്ചയോടെ വിദഗ്ദര്‍ അറിയിച്ചത്.

അധികമായി ഊര്‍ജം പുറത്ത് വിടാതിരിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഹ്യൂമന്‍ ഹെല്‍ത്ത് ആന്റ് പെര്‍ഫോമന്‍സ് മേധാവിയായ പ്രൊഫ. ഹുഗ് മോണ്‍ട്‌ഗോമെറി പറഞ്ഞതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

‘ഓക്‌സിജന്റെ ആവശ്യകത കുറക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് കൂടുതല്‍ ഊര്‍ജം പുറത്ത് വിടാതിരിക്കുകയെന്നതാണ്. അതായത് ചലിക്കാതെയിരിക്കുക, അല്ലെങ്കില്‍ ഉറങ്ങുക. മെഡിറ്റേഷനിലൂടെയും ഓക്‌സിജന്റെ ആവശ്യകത കുറക്കാന്‍ സാധിക്കും. എന്നാല്‍ ഇവയൊക്കെ നാമമാത്രമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്ന് ഓഷ്യന്‍ ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിച്ചത്. എന്നാല്‍ സമുദ്രാന്തര്‍ഭാഗത്തേക്കെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു.

ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ പേടകത്തിലുള്ളത്‌. പുറത്തുനിന്ന് മാത്രം തുറക്കാവുന്ന വിധത്തിലുള്ള ടൈറ്റന്‍ കണ്ടെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമേ അതിലുള്ളവരെ പുറത്തേക്ക് ഇറക്കാനാകുകയുള്ളൂ.

content highlights: Wreck near Titanic during search for Titanic submarine; The Coast Guard is evaluating

Latest Stories