കണ്ണൂര്‍: മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ ക്കല്ലുകള്‍ പിഴുതുമാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയില്‍ കണ്ടെത്തി.
മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാടായിപ്പാറയില്‍ നേരത്തേയും സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലുകളാണ് പിഴുതു കളഞ്ഞത്.
പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട എല്‍ 1993 നമ്പര്‍ സര്‍വേക്കല്ലാണു കഴിഞ്ഞ ദിവസം പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയില്‍പെട്ടത്.
നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.
എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മാടായിപ്പാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേകല്ല് പിഴുതുമാറ്റിയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് നടപടി.
അതേസമയം, സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്ന് സുധാകരന്‍ പറഞ്ഞത്.
പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പദ്ധതിയില്‍ നിന്ന് ഒരുകാരണവശാലും പിന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.