| Thursday, 29th February 2024, 11:26 am

ഞങ്ങള്‍ക്ക് വേണ്ടത് നിന്നെയല്ല, അവളെ; ബൗളിങ് എന്‍ഡില്‍ പുറത്താക്കാതെ കീപ്പറുടെ കൈകളിലേക്ക്; വമ്പന്‍ വിക്കറ്റ് നേടിയെടുത്തു; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി യു.പി വാറിയേഴ്‌സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് ശേഷമാണ് യു.പി ആദ്യ വിജയം സ്വന്തമാക്കിയത്.

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു വാറിയേഴ്‌സിന്റെ വിജയം.

മത്സരത്തിനിടെ നടന്ന ഒരു റണ്‍ ഔട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അപകടകാരിയായ നാറ്റ് സ്‌കിവര്‍ ബ്രണ്ടിനെ പുറത്താക്കാനായി വാറിയേഴ്‌സ് ടീം ഒന്നിച്ച് നടത്തിയ ശ്രമമാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

മത്സരത്തിന്റെ 13ാം ഓവറലിാണ് ബ്രണ്ട് പുറത്താകുന്നത്. സോഫി എക്കല്‍സ്റ്റോണ്‍ എറിഞ്ഞ അഞ്ചാം പന്ത് ഹെയ്‌ലി മാത്യൂസ് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു. ഇരുവരും റണ്ണിനായി ക്രീസ് വിട്ടിറങ്ങുകയും ചെയ്തു.

പെട്ടെന്ന് പന്ത് കളക്ട് ചെയ്ത താലിയ മഗ്രാത് സോഫി എക്കല്‍സ്റ്റോണിന് പന്ത് കൈമാറുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ പന്ത് കിട്ടയതുകണ്ട ഹെയ്‌ലി മാത്യൂസ് ക്യാപ്റ്റന്റെ റോളിലെത്തിയ ബ്രണ്ടിനോട് ക്രോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ വിക്കറ്റ് സാക്രിഫൈസ് ചെയ്യാന്‍ ശ്രമിച്ച ഹെയ്‌ലി മാത്യൂസിനെ ഞെട്ടിച്ചുകൊണ്ട് എക്കല്‍സ്റ്റോണ്‍ പന്ത് വിക്കറ്റ് കീപ്പര്‍ അലീസ ഹീലിക്ക് കൈമാറുകയും താരം ബ്രണ്ടിനെ പുറത്താക്കുകയുമായിരുന്നു. 14 പന്തില്‍ 19 റണ്‍സുമായി നില്‍ക്കവെയാണ് ബ്രണ്ട് പുറത്താകുന്നത്.

ബ്രണ്ട് പുറത്തായി അധികം വൈകാതെ ഹെയ്‌ലി മാത്യൂസും പുറത്തായി. 47 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ അമേലിയ കേറും പൂജ വസ്ത്രാര്‍ക്കറും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയപ്പോള്‍ മുംബൈ സ്‌കോര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 161ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് ക്യാപ്റ്റന്‍ അലീസ ഹീലി, കിരണ്‍ നവ്ഗിരെ, ഗ്രേസ് ഹാരിസ്, ദീപ്തി ശര്‍മ എന്നിവരുടെ കരുത്തില്‍ അനായാസം വിജയിച്ചുകയറുകയായിരുന്നു.

31 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 57 റണ്‍സാണ് നവ്ഗിരെ നേടിയത്. ഹീലി 29 പന്തില്‍ 33 റണ്‍സ് നേടി.

ഗ്രേസ് ഹാരിസ് 17 പന്ത് നേരിട്ട് പുറത്താകാതെ 38 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് ശര്‍മ നേടിയത്.

ഈ വിജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വാറിയേഴ്‌സ്. ഗുജറാത്ത് ജയന്റ്‌സിനെതിരെയാണ് വാറിയേഴ്‌സിന്റെ അടുത്ത മത്സരം. മാര്‍ച്ച് ഒന്നിന് നടക്കുന്ന മത്സരത്തിന് ബെംഗളൂരുവാണ് വേദിയാകുന്നത്.

Content highlight: WPL, UP Warriors run outs Nat Sciver Brunt

We use cookies to give you the best possible experience. Learn more