വനിതാ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ദല്‍ഹി ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും കളത്തിലിറങ്ങിയിരിക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 163 റണ്‍സിന്റെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ടിറ്റാസ് സാധു അരങ്ങേറ്റം കുറിച്ചിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനായാണ് താരം അരങ്ങേറിയത്.
ആദ്യ മത്സരത്തില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കിയാണ് സാധു ആരാധകരുടെ കയ്യടി നേടിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ പന്തെടുത്ത ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയാണ് സാധു അരങ്ങേറ്റം കളറാക്കിയത്.
മത്സരത്തില്‍ ഇതുവരെ രണ്ട് ഓവറാണ് താരം എറിഞ്ഞത്. 12 റണ്‍സ് വഴങ്ങി. വിക്കറ്റ് നേടാനും സാധിച്ചില്ല.
അതേസയം, 16 ഓവര്‍ പിന്നിടുമ്പോള്‍ 113ന് ആറ് എന്ന നിലയിലാണ് ഗുജറാത്ത് ജയന്റ്‌സ്.
ലോറ വോള്‍വാര്‍ഡ് (2 പന്തില്‍ 0), ക്യാപ്റ്റന്‍ ബെത് മൂണി (14 പന്തില്‍ 12), ഫോബ് ലീച്ച്ഫീല്‍ഡ് (10 പന്തില്‍ 15), വേദ കൃഷ്ണമൂര്‍ത്തി (13 പന്തില്‍ 12) ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ (31 പന്തില്‍ 40), കാതറിന്‍ ബ്രെയ്‌സ് (ആറ് പന്തില്‍ മൂന്ന്) എന്നിവരുടെ വിക്കറ്റാണ് ജയന്റ്‌സിന് നഷ്ടമായത്.
അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി തരനും പത്താനും 15 പന്തില്‍ 13 റണ്‍സുമായി തനുജ കന്‍വറുമാണ് ക്രീസില്‍.
നേരത്തെ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 14 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. സീസണില്‍ ലാന്നിങ്ങിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്.
ജയന്റ്സ് നിരയില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മേഘ്ന സിങ്ങാണ് തകര്‍ത്തെറിഞ്ഞത്. ഗാര്‍ഡ്ണര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മന്നത് കശ്യപും തനുജ കന്‍വറും ഓരോ വിക്കറ്റ് വീതവും നേടി.
Content highlight: WPL, Titas Sadhu with a unique record in debut match