വനിതാ പ്രീമിയര്‍ ലീഗില്‍ സോഫി എക്കല്‍സ്റ്റോണിന്റെ ചരിത്ര റെക്കോഡ് റണ്ണിന് വിരാമം. ഡബ്ല്യൂ.പി.എല്ലില്‍ കളിച്ച എല്ലാ മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയ ഏക താരമെന്ന ചരിത്ര നേട്ടമാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തകര്‍ന്നുവീണത്.
വ്യാഴാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് – യു.പി വാറിയേഴ്‌സ് മത്സരത്തില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയതോടെയാണ് വാറിയേഴ്‌സ് സൂപ്പര്‍ താരം എക്കല്‍സ്‌റ്റോണിന്റെ സ്ട്രീക്കിന് വിരാമമായത്.
ഇതിന് മുമ്പ് കളിച്ച 14 മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയ എക്കല്‍സ്റ്റോണിന് 15ാം മത്സരത്തില്‍ അതിന് സാധിക്കാതെ വരികയായിരുന്നു.
മുംബൈക്കെതിരെ നാല് ഓവര്‍ പന്തെറിഞ്ഞ താരം 30 റണ്‍സാണ് വഴങ്ങിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സ് നേടി. നാറ്റ് സ്‌കിവര്‍ ബ്രണ്ട്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍ എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
ബ്രണ്ട് 31 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍ കേര്‍ 23 പന്തില്‍ 39 റണ്‍സും ഹര്‍മന്‍ 30 പന്തില്‍ 33 റണ്‍സും നേടി പുറത്തായി. 14 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ സജന സജീവനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
വാറിയേഴ്‌സിനായി ചമാരി അട്ടപ്പട്ടു രണ്ട് വിക്കറ്റ് നേടി. ദീപ്തി ശര്‍മ, സൈമ താക്കൂര്‍, രാജേശ്വരി ഗെയ്ക്വാദ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് ജയത്തിനായി പൊരുതുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 35ന് മൂന്ന് എന്ന നിലയിലാണ്.
അലീസ് ഹീലി (ഒമ്പത് പന്തില്‍ മൂന്ന്), കിരണ്‍ നവ്ഗിരെ (എട്ട് പന്തില്‍ ഏഴ്), ചമാരി അട്ടപ്പട്ടു (അഞ്ച് പന്തില്‍ മൂന്ന്) എന്നിവരുടെ വിക്കറ്റാണ് വാറിയേഴ്‌സിന് നഷ്ടമായത്.
11 പന്തില്‍ 11 റണ്‍സുമായി ദീപ്തി ശര്‍മയും 21 പന്തില്‍ ഒമ്പത് റണ്‍സുമായി ഗ്രേസ് ഹാരിസുമാണ് ക്രീസില്‍.
Content Highlight: WPL, Sophie Ecclestone goes wicketless for the first time