മുംബൈയുടെ ചരിത്രത്തില്‍ ഷോണ്‍ പൊള്ളോക്കിന് ശേഷം ഇനി ഇവളുടെ പേരും; എതിര്‍ടീമിലും ചരിത്രം
WPL
മുംബൈയുടെ ചരിത്രത്തില്‍ ഷോണ്‍ പൊള്ളോക്കിന് ശേഷം ഇനി ഇവളുടെ പേരും; എതിര്‍ടീമിലും ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd February 2024, 10:32 pm

 

വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ് ആവേശോജ്വല തുടക്കം. രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ ആദ്യ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ബെംഗളൂരുവിലാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മോശം തുടക്കമാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിച്ചത്. സൂപ്പര്‍ താരം ഷെഫാലി വര്‍മ പാടെ നിരാശപ്പെടുത്തി. എട്ട് പന്ത് നേരിട്ട് വെറും ഒരു റണ്‍സ് മാത്രം നേടി സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ ഷെഫാലി പുറത്തായി. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഷബ്‌നിം ഇസ്‌മൈലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

ഇതോടെ മറ്റൊരു നേട്ടവും ഷബ്‌നിമിനെ തേടിയെത്തി. മുംബൈ ഇന്ത്യന്‍സിനായി വിക്കറ്റ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ വനിതാ താരമെന്ന നേട്ടമാണ് ഷബ്‌നിം തന്റെ പേരില്‍ കുറിച്ചത്. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തില്‍ വിക്കറ്റ് നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരമായ ഇതിഹാസ താരം ഷോണ്‍ പൊള്ളോക്കിനൊപ്പം ഇരിപ്പുറപ്പിക്കാനും ഷബ്‌നിമിനായി.

ഷെഫാലി പുറത്തായതിന് പിന്നാലെ അലീസ് കാപ്‌സിയാണ് ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനൊപ്പം ചേര്‍ന്ന് താരം സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ക്യാപ്പിറ്റല്‍സ് നിരയില്‍ നിര്‍ണായകമായത്.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ലാന്നിങ്ങിനെ പുറത്താക്കി നാറ്റ് സ്‌കിവര്‍ ബ്രണ്ട് കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ 31 റണ്‍സാണ് ഓസീസ് ലെജന്‍ഡ് നേടിയത്.

ലാന്നിങ് പുറത്തായതിന് പിന്നാലെ ജെമീമ റോഡ്രിഗസാണ് ക്രീസിലെത്തിയത്. ക്രീസിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് ആരംഭിച്ച റോഡ്രിഗസ് നയം വ്യക്തമാക്കി. ജെമീമ-കാപ്‌സി കൂട്ടുകെട്ടില്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഇതിനിടെ കാപ്‌സി തന്റെ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

ഇതോടെ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനായി അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാം താരം എന്ന നേട്ടവും കാപ്‌സി തന്റെ പേരിലെഴുതിച്ചേര്‍ത്തു. ഇതിന് മുമ്പ് മെഗ് ലാന്നിങ് രണ്ട് തവണയും ഷെഫാലി ഒരിക്കലുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

18ാം ഓവറിന്റെ ആദ്യ പന്തില്‍ കാപ്‌സിയെ പുറത്താക്കി അമേലിയ കേര്‍ ക്യാപ്പിറ്റല്‍സിനെ ഞെട്ടിച്ചു. 53 പന്തില്‍ 75 റണ്‍സാണ് പുറത്താകുമ്പോള്‍ കാപ്‌സിയുടെ പേരിലുണ്ടായിരുന്നത്. എട്ട് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

തൊട്ടുത്ത ഓവറില്‍ 24 പന്തില്‍ 42 റണ്‍സടിച്ച ജമീമയും പുറത്തായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 171 എന്ന നിലയില്‍ ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മുംബൈക്കായി നാറ്റ് സ്‌കിവര്‍ ബ്രണ്ടും അമേലിയ കേറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷബ്‌നിം ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കും തുടക്കം പാളി. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റിന്റെ താരമായ ഹെയ്‌ലി മാത്യൂസ് സില്‍വര്‍ ഡക്കായി പുറത്തായി. മാരിസണ്‍ കാപ്പാണ് വിക്കറ്റ് നേടിയത്.

നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 55ന് രണ്ട് എന്ന നിലയിലാണ് മുംബൈ. 19 പന്തില്‍ 30 റണ്‍സുമായി യാഷ്ടിക ഭാട്ടിയയും നാല് പന്തില്‍ അഞ്ച് റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതുമാണ് ക്രീസില്‍. നാറ്റ് സ്‌കിവറിന്റെ വിക്കറ്റാണ് മുംബൈക്ക് രണ്ടാമതായി നഷ്ടമായത്.

 

Content Highlight: WPL, Shabnim Ismail becomes the first South African women cricketer to picks a wicket for Mumbai Indians