കഴിഞ്ഞ ദിവസം നടന്ന വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടമുയര്‍ത്തിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മന്ഥാനയുടെയും സംഘത്തിന്റെയും വിജയം.
ദല്‍ഹി ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയം രണ്ട് പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു. അരുന്ധതി റെഡ്ഡിയെറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി റിച്ച ഘോഷാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
— Royal Challengers Bangalore (@RCBTweets) March 17, 2024
ഈ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും അടക്കമുള്ള ചില ഐ.പി.എല്‍ ടീമുകളും ബെംഗളൂരുവിന്റെ വിജയത്തില്‍ ആശംസകള്‍ അറിയിച്ചിരുന്നു.
ഇതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആശംസയാണ് ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ ചിരിപ്പിക്കുന്ന രാജസ്ഥാന്‍ അഡ്മിന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
‘താരക് മേത്താ കി ഊലത് ചഷ്മാ’ എന്ന ഇന്ത്യന്‍ സിറ്റ്‌കോമിലെ ഒരു മീം ഉപയോഗിച്ചാണ് രാജസ്ഥാന്‍ ആര്‍.സി.ബിക്ക് ആശംസകളറിയിച്ചത്. ദിലീപ് ജോഷി അവതരിപ്പിച്ച ജീത്‌ലാല്‍ ചംപക്‌ലാല്‍ എന്ന കഥാപാത്രം ഒരു ഗ്യാസ് സിലിണ്ടര്‍ എടുത്ത് പൊക്കാന്‍ പാടുപെടുമ്പോള്‍ അതിലെ ഒരു സ്ത്രീ കഥാപാത്രം അത് അനായാസം എടുത്ത് കൊണ്ടുപോകുന്നതും ദീലീപ് ജോഷിയുടെ കഥാപാത്രം അന്തം വിട്ട് നോക്കി നില്‍ക്കുന്നതുമായ മീം ഉപയോഗിച്ചാണ് രാജസ്ഥാന്‍ ആര്‍.സി.ബിക്ക് ആശംസകളറിയിച്ചത്.
ഏറെ കാലമായി ആര്‍.സി.ബിയുടെ പുരുഷ ടീം ശ്രമിച്ച് നടക്കാത്ത കിരീടം വനിതാ ടീം അനായാസം നേടി എന്ന അര്‍ത്ഥത്തിലായിരുന്നു രാജസ്ഥാന്റെ പോസ്റ്റ്. വളരെ പെട്ടന്ന് തന്നെ പോസ്റ്റ് വൈറലാവുകയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
എന്നാല്‍ തങ്ങളുടെ പുരുഷ ടീമിനെ കളിയാക്കിക്കൊണ്ടുള്ള ആ പോസ്റ്റ് റോയല്‍ ചലഞ്ചേഴ്‌സിന് അത്രകണ്ട് രസിച്ചിട്ടില്ല എന്നാണ് അവരുടെ മറുപടിയില്‍ നിന്നും മനസിലാകുന്നത്. രാജസ്ഥാന്‍ ഉപയോഗിച്ച അതേ സിറ്റ്‌കോമിലെ മറ്റൊരു മീമിലൂടെയാണ് ആര്‍.സി.ബി ഹല്ലാബോല്‍ ആര്‍മിക്ക് മറുപടി നല്‍കിയത്.
ദിലീപ് ജോഷിയുടെ കഥാപാത്രം ജയിലിനുള്ളില്‍ കഴിയുന്ന ചിത്രത്തിനൊപ്പമായിരുന്നു ആര്‍.സി.ബി രാജസ്ഥാന്റെ ആശംസകള്‍ക്ക് നന്ദിയറിയിച്ചത്.
കോഴ വിവാദവും അതിന് പിന്നാലെ ടീമിന്റെ വിലക്കും എല്ലാം ഓര്‍മിപ്പിച്ച പോസ്റ്റും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മികച്ച നിലയില്‍ നിന്നും തോല്‍വിയിലേക്കുള്ള ദല്‍ഹിയുടെ പതനം ഏറെ വേഗത്തിലായിരുന്നു. 7 ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 64 എന്ന നിലയില്‍ നിന്നും 18.3 ഓവറില്‍ 113ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് വീണാണ് ക്യാപ്പിറ്റല്‍സ് ഫൈനല്‍ അടിയറവ് പറഞ്ഞത്.
സോഫി മോളിനക്‌സിന്റെ എട്ടാം ഓവറാണ് ക്യാപ്പിറ്റല്‍സിനെ വിജയത്തില്‍ നിന്നും തട്ടിയകറ്റിയത്. ഒറ്റ ഓവറില്‍ ഷെഫാലിയെയും ജെമീമ റോഡ്രിഗസിനെയും അലീസ് ക്യാപ്‌സിയെയും പുറത്താക്കിയാണ് തിളങ്ങിയത്.