| Saturday, 24th February 2024, 7:38 am

മലയാളി പൊളിയാടാ... അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ സിക്‌സര്‍; വയനാടന്‍ കരുത്തില്‍ മുംബൈ

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.

ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ അവസാന പന്തില്‍ വിജയിച്ചുകയറുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് അലീസ് ക്യാപ്‌സിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലും ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ മെഗ് ലാന്നിങ് എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തിലും നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.

ക്യാപ്‌സി 53 പന്തില്‍ 75 റണ്‍സ് നേടിയപ്പോള്‍ ജെമീമ 24 പന്തില്‍ 42 റണ്‍സും മെഗ് ലാന്നിങ് 25 പന്തില്‍ 31 റണ്‍സും സ്വന്തമാക്കി.

മുംബൈക്കായി നാറ്റ് സ്‌കിവര്‍ ബ്രണ്ട്, അമേലിയ കേര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷബ്‌നിം ഇസ്‌മൈല്‍ ഒരു വിക്കറ്റും നേടി.

172 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ മുംബൈക്ക് ആദ്യ ഓവറില്‍ തന്നെ ഹെയ്‌ലി മാത്യൂസിനെ നഷ്ടമായി. നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് നഷ്ടമായി. വണ്‍ ഡൗണായി ഇറങ്ങിയ ബ്രണ്ട് 17 പന്തില്‍ 19 റണ്‍സെടുത്ത് തിരികെ നടന്നു.

മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ യാഷ്ടിക ഭാട്ടിയക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്‌കോര്‍ ഉയര്‍ത്തി. 56 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹര്‍മന്‍-യാഷ്ടിക സഖ്യം സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 50ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 106ലാണ്. ഭാട്ടിയയെ പുറത്താക്കി അരുന്ധതി റെഡ്ഡിയാണ് ക്യാപ്പിറ്റല്‍സിന് അവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 45 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ അമേലിയ കേര്‍ 18 പന്തില്‍ 24 റണ്‍സും പൂജ വസ്ത്രാര്‍കര്‍ മൂന്ന് പന്തില്‍ ഒരു റണ്ണും നേടി മടങ്ങി.

അവസാന ഓവറില്‍ 12 റണ്‍സാണ് മുംബൈക്ക് വിജയിക്കാന്‍ അവശ്യമായിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ പൂജയെ മടക്കി ക്യാപ്‌സി ദല്‍ഹിക്ക് വിജയപ്രതീക്ഷകള്‍ നല്‍കി. രണ്ടാം പന്തില്‍ രണ്ട് റണ്‍സും മൂന്നാം പന്തില്‍ ഒരു റണ്ണും പിറന്നതോടെ അവസാന മൂന്ന് പന്തില്‍ വിജയിക്കാന്‍ മുംബൈക്ക് ഒമ്പത് റണ്‍സ് വേണമെന്ന നിലയിലെത്തി.

നാലാം പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ ബൗണ്ടറി നേടിയപ്പോള്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഇരുടീമിന്റെയും ഗെയിം എന്ന് കരുതി നില്‍ക്കവെ അഞ്ചാം പന്തില്‍ ഹര്‍മനെ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ കൈകളിലെത്തിച്ച് ക്യാപ്‌സി പുറത്താക്കി. 34 പന്തില്‍ 55 റണ്‍സടിച്ചാണ് ഹര്‍മന്‍ മടങ്ങിയത്.

അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സാണ് മുംബൈക്ക് വേണ്ടിയിരുന്നത്. ക്രീസിലെത്തിയത് വയനാട്ടുകാരിയായ സജന സജീവനും. സമ്മര്‍ദത്തിന്റെ തരിമ്പ് പോലുമില്ലാതെ അവസാന പന്തില്‍ ക്യാപ്‌സിയെ സിക്‌സറിന് പറത്തി സജന സജീവന്‍ മുംബൈക്ക് ഡബ്ല്യൂ.പി.എല്ലിലെ ചരിത്രവിജയത്തിലൊന്നും സമ്മാനിച്ചു.

ഞായറാഴ്ചയാണ് മുംബൈയുടെ രണ്ടാം മത്സരം. ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: WPL: Mumbai Indians defeated Delhi Capitals

We use cookies to give you the best possible experience. Learn more