| Sunday, 3rd March 2024, 9:01 pm

വെടിക്കെട്ട് വീരന്‍ റസലിന് പോലും സാധിക്കാത്തത്; ഇവളുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി🐐🐐; ലാന്നിങ് യൂ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ 9,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മെഗ് ലാന്നിങ്. വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തിനിടെയാണ് ലാന്നിങ് ചരിത്ര നേട്ടം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ലാന്നിങ് തന്റെ ചരിത്ര നേട്ടത്തിന് ഇരട്ടി മധുരം നല്‍കിയത്. ടി-20യിലെ 67ാം അര്‍ധ സെഞ്ച്വറിയാണ് ലാന്നിങ് ഗുജറാത്തിനെതിരെ കുറിച്ചത്.

അന്താരാഷ്ട്ര ടി-20യില്‍ ഓസ്‌ട്രേലിയക്കും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ദല്‍ഹി ക്യാപ്പിറ്റല്‍ (WPL), മെല്‍ബണ്‍ സ്റ്റാര്‍സ് (WBBL) ആഭ്യന്തര തലത്തില്‍ വിക്ടോറിയക്കും വേണ്ടിയാണ് മെഗ് ലാന്നിങ് കളത്തിലിറങ്ങിയത്. ഇതിന് പുറമെ ദി ഹണ്‍ഡ്രഡില്‍ ട്രെന്റ് റോക്കറ്റ്‌സിനും വേണ്ടി ലാന്നിങ് ബാറ്റെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതാണ് ലാന്നിങ്. 2010ല്‍ കരിയര്‍ ആരംഭിച്ച് 2023ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് വരെ ഓസീസിനായി 121 മത്സരങ്ങളിലാണ് ലാന്നിങ് കളത്തിലിറങ്ങിയത്.

36.61 എന്ന മികച്ച ശരാശരിയിലും 116.37 സ്‌ട്രൈക്ക് റേറ്റിലും 3405 റണ്‍സാണ് ലാന്നിങ് അടിച്ചുകൂട്ടിയത്. 15 അര്‍ധ സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച ലാന്നിങ്ങിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 133 റണ്‍സ് ആണ്.

ഗുജറാത്ത് ജയന്റ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ലാന്നിങ് ടീമിന് കരുത്തായത്. സീസണില്‍ താരത്തിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. നേരത്തെ യു.പി വാറിയേഴ്‌സിനെതിരെയും ലാന്നിങ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്.

ഗുജറാത്ത് ജയന്റ്സ് പ്ലെയിങ് ഇലവന്‍

ബെത് മൂണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലോറ വോള്‍വാര്‍ഡ്, ഫോബ് ലിച്ച്ഫീല്‍ഡ്, വേദ കൃഷ്ണമൂര്‍ത്തി, ആഷ്ലീഗ് ഗാര്‍ഡ്ണര്‍, ഡയ്ലന്‍ ഹേമലത, കാതറിന്‍ ബ്രെയ്സ്, തനുജ കാന്‍വര്‍, തരനും പത്താന്‍, മേഘ്ന സിങ്, മന്നത് കശ്യപ്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മെഗ് ലാന്നിങ് (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, അലിസ് ക്യാപ്സി, ജെമീമ റോഡ്രിഗസ്, അന്നബെല്‍ സതര്‍ലാന്‍ഡ്, ജെസ് ജോന്നാസെന്‍, അരുന്ധതി റെഡ്ഡി, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ശിഖ പാണ്ഡേ, രാദ യാദവ്, ടിറ്റാസ് സാധു.

Content highlight: WPL: Meg Lanning completes 9,000 T20 runs

We use cookies to give you the best possible experience. Learn more