| Sunday, 3rd March 2024, 10:07 pm

ചരിത്രത്തില്‍ ഈ മോശം സംഭവം നടന്നത് അഞ്ച് തവണ, അതില്‍ നാലിലും ഇരയായത് ഗുജറാത്ത്; അയ്യയ്യേ നാണക്കേട്...

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ഗുജറാത്ത് ജയന്റ്‌സും ദല്‍ഹി ക്യാപ്പിറ്റല്‍സും കളത്തിലിറങ്ങിയിരിക്കുന്നത്. ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി.

സീസണിലെ ആദ്യ ജയം തേടി കളത്തിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടാണ് ഗുജറാത്ത് പതറിയത്.

സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ലോറ വോള്‍വാര്‍ഡിനെയാണ് ഗുജറാത്തിന് പൂജ്യത്തിന് നഷ്ടപ്പെട്ടത്. ശിഖ പാണ്ഡേയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ലോറ പവലിയനിലേക്ക് തിരിച്ചുനടന്നത്.

വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് അക്കൗണ്ട് തുറക്കും മുമ്പ് ഒരു ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഈ മോശം റെക്കോഡില്‍ നാല് തവണയും ഗുജറാത്ത് തന്നെയാണ് തങ്ങളുടെ പേരെഴുതിച്ചേര്‍ത്തത്. ഒരു തവണ മുംബൈ ഇന്ത്യന്‍സിനും പൂജ്യത്തില്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

ഡബ്ല്യൂ.പി.എല്‍ ചരിത്രത്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട മത്സരങ്ങള്‍

(വിക്കറ്റ് നഷ്ടപ്പെട്ട ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് – 2023

ഗുജറാത്ത് ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2023

ഗുജറാത്ത് ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് – 2023

മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2024

ഗുജറാത്ത് ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2024

അതേസമയം, ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 164 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സിന് നാലാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 58ന് നാല് എന്ന നിലയിലാണ് ജയന്റ്‌സ്.

ലോറ വോള്‍വാര്‍ഡിന് പുറമെ ക്യാപ്റ്റന്‍ ബെത് മൂണി (14 പന്തില്‍ 12), ഫോബ് ലീച്ച്ഫീല്‍ഡ് (10 പന്തില്‍ 15), വേദ കൃഷ്ണമൂര്‍ത്തി (13 പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് ജയന്റ്‌സിന് നഷ്ടമായത്.

11 പന്തില്‍ 12 റണ്‍സുമായി ആഷ്‌ലീഗ് ഗാര്‍ഡ്ണറും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി കാതറിന്‍ ബ്രെയ്‌സുമാണ് ക്രീസില്‍.

നേരത്തെ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 14 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്. സീസണില്‍ ലാന്നിങ്ങിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്.

ജയന്റ്‌സ് നിരയില്‍ മെഗ് ലാന്നിങ്ങിന്റേതടക്കം നാല് വിക്കറ്റ് വീഴ്ത്തിയ മേഘ്‌ന സിങ്ങാണ് തകര്‍ത്തെറിഞ്ഞത്. ഗാര്‍ഡ്ണര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മന്നത് കശ്യപും തനുജ കന്‍വറും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: WPL, Gujarat Giants with unwanted record

We use cookies to give you the best possible experience. Learn more