| Wednesday, 13th March 2024, 9:15 am

പുരുഷ താരങ്ങള്‍ കുത്തകയാക്കിയ നേട്ടത്തിലെ ആദ്യ സ്ത്രീ; എന്തും സാധിക്കുമെന്ന് ചെയ്തുകാട്ടി ആര്‍.സി.ബിയുടെ 'തെക്കന്‍ നക്ഷത്രം'

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ബെംഗളൂരു വിജയിച്ചുകയറിയത്. വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈ ബെംഗളൂരുവിനോട് പരാജയപ്പെടുന്നത്.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം എല്ലിസ് പെറിയുടെ ഓള്‍ റൗണ്ട് മികവിലാണ് ആര്‍.സി.ബി അനായാസ വിജയം സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ പെറി തന്നെയാണ് കളിയിലെ താരവും.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ മന്ഥാനയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനവുമായി പെറി കളം നിറഞ്ഞാടിയപ്പോള്‍ മുംബൈ നില്‍ക്കക്കള്ളിയില്ലാതെ വീണു.

നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയാണ് പെറി തിളങ്ങിയത്. മലയാളി താരം സജന സജീവന്‍, നാറ്റ് സ്‌കിവര്‍ ബ്രണ്ട്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാര്‍കര്‍ എന്നിവരെയാണ് പെറി പുറത്താക്കിയത്.

പെറിക്ക് പുറമെ ശ്രേയങ്ക പാട്ടില്‍, ശോഭന ആശ, സോഫി മോളിനക്‌സ്, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടിയതോടെ മുംബൈ 19 ഓവറില്‍ 113ന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി പെറിയുടെയും റിച്ച ഘോഷിന്റെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ വിജയിച്ചുകയറി. പെറി 38 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ പുറത്താകാതെ 36 റണ്‍സാണ് ഘോഷ് നേടിയത്.

ഒടുവില്‍ 30 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കവെ പ്ലേ ബോള്‍ഡ് ആര്‍മി വിജയിച്ചുകയറി.

മുംബൈക്കെതിരായ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പെറിയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ടി-20 ഇന്നിങ്‌സില്‍ 40/40+ റണ്‍സ് നേടുകയും ആറ് വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരം എന്ന നേട്ടമാണ് പെറി സ്വന്തമാക്കിയത്.

രവി ബൊപ്പാര, ജെ.ജെ. സ്മിത്, ആന്‍ഡ്രൂ ഹാള്‍, വെങ്കിടേഷ് അയ്യര്‍, ഷാകിബ് അല്‍ ഹസന്‍, റിഷി ധവാന്‍ എന്നിവര്‍ക്കൊപ്പമാണ് പെറി ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്.

മാര്‍ച്ച് 15ന് പ്ലേ ഓഫ് മത്സരമാണ് ആര്‍.സി.ബി കളിക്കുക. ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ മന്ഥാനയുടെയും സംഘത്തിന്റെയും എതിരാളികള്‍ ആരെന്ന് ഉറപ്പിച്ചിട്ടില്ല.

Content Highlight: WPL, Ellyse Perry becomes the  only bowler to took 6+ wickets and scored 40+ runs in women’s T20s

Latest Stories

We use cookies to give you the best possible experience. Learn more