| Tuesday, 27th February 2024, 7:54 am

ത്യാഗം, ക്യാപ്റ്റന് അര്‍ധ സെഞ്ച്വറിയടിക്കാന്‍ വിജയ റണ്‍ നേടിയില്ല; സെല്‍ഫ്‌ലെസ് ഷെഫാലി

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന യു.പി വാറിയേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ദല്‍ഹി വിജയിച്ചിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ക്യാപ്പിറ്റല്‍സ് നേടിയത്.

വാറിയേഴ്‌സ് ഉയര്‍ത്തിയ 120 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്പിറ്റല്‍സ് 33 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയുടെയും ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് അനായാസ വിജയം നേടിക്കൊടുത്തത്.

ആദ്യ വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഷെഫാലിയും ലാന്നിങ്ങും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ലാന്നിങ് 43 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ ഷെഫാലി 43 പന്തില്‍ പുറത്താകാതെ 64 റണ്‍സും നേടി.

മത്സരത്തിന്റെ 12ാം ഓവറിലാണ് ഷെഫാലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. 49ല്‍ നില്‍ക്കവെ ഓവറിലെ അഞ്ചാം പന്തില്‍ ദീപ്തി ശര്‍മയെ മിഡ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തിയാണ് ഷെഫാലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ സിക്‌സറിലൂടെ ക്യാപ്പിറ്റല്‍സ് നൂറ് കടക്കുകയും ചെയ്തിരുന്നു.

12ാം ഓവര്‍ അവസാനിക്കുമ്പോള്‍ 104 റണ്‍സാണ് ക്യാപ്പിറ്റല്‍സിനുണ്ടായിരുന്നത്. രാജേശ്വരി ഗെയ്ക്വാദ് എറിഞ്ഞ അടുത്ത ഓവറില്‍ ഇരുവരും ചേര്‍ന്ന് ആറ് റണ്‍സും സ്വന്തമാക്കി.

പൂനം കെംനാര്‍ എറിഞ്ഞ 14ാം ഓവറില്‍ സ്‌ട്രൈക്കിലുണ്ടായിരുന്നത് മെഗ് ലാന്നിങ്ങായിരുന്നു. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഓവറിലെ രണ്ടാം പന്തില്‍ താരം സിംഗിള്‍ നേടി സ്‌ട്രൈക്ക് ഷെഫാലിക്ക് കൈമാറി.

ഓവറിലെ മൂന്നാം പന്തില്‍ സിക്‌സര്‍ പറത്തിയ ഷെഫാലി ടീം സ്‌കോര്‍ 117ലെത്തിച്ചു. ഇതോടെ ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ മൂന്ന് റണ്‍സ് കൂടി മതി എന്ന സ്ഥിതി വന്നു. മികച്ച ഫോമില്‍ തുടര്‍ന്ന ഷെഫാലിക്ക് ഓവറിലെ അടുത്ത പന്തില്‍ തന്നെ ടീമിന് വിജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഷെഫാലിയുടെ മനസില്‍ മറ്റു ചില പ്ലാനുകളാണ് ഉണ്ടായിരുന്നത്.

വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കുന്ന തന്റെ ക്യാപ്റ്റന് അര്‍ഹിച്ച അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഓവറില്‍ ശേഷിച്ച മൂന്ന് പന്തും താരം ഒറ്റ റണ്‍ പോലും നേടാതെ ഡിഫന്‍ഡ് ചെയ്യുകയായിരുന്നു.

അടുത്ത ഓവറില്‍ വീണ്ടും സ്‌ട്രൈക്കിലെത്തിയ ലാന്നിങ് ഒട്ടും അമാന്തിച്ചില്ല. ആദ്യ പന്തില്‍ തന്നെ ഡബിളോടി തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സീസണില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയും വനിതാ പ്രീമിയര്‍ ലീഗിലെ മൂന്നാം അര്‍ധ സെഞ്ച്വറിയുമാണിത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ പുറത്താവുകയും ചെയ്തിരുന്നു. സോഫി എക്കല്‍സ്റ്റോണ്‍ എറിഞ്ഞ പന്തില്‍ വൃന്ദ ദിനേഷ് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ താരത്തെ പുറത്താക്കുകയായിരുന്നു. ലാന്നിങ് പുറത്താകുമ്പോള്‍ വെറും ഒറ്റ റണ്‍സ് കൂടിയായിരുന്നു ക്യാപ്പിറ്റല്‍സിന് ജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ക്യാപ്പിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടി വാറിയേഴ്‌സിനെ ബാറ്റിങ്ങിനയച്ച ക്യാപ്പിറ്റല്‍സ് രാധ യാദവിന്റെ ബൗളിങ് മികവിലാണ് എതിരാളികളെ ചെറിയ സ്‌കോറില്‍ ഒതുക്കിയിട്ടത്. യാദവ് നാല് ഓവറില്‍ 20 റണ്‍സിന് നാല് വിക്കറ്റ് നേടി. മാരിസന്‍ കാപ്പ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഡിയും അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സീസണില്‍ ടീമിന്റെ ആദ്യ ജയമാണിത്. നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും രണ്ട് പോയിന്റുമായി രണ്ടാമതാണ് ക്യാപ്പിറ്റല്‍സ്. ഫെബ്രുവരി 29നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Content highlight: WPL, Delhi Capitals vs UP Warriorz,  Shefali Verma’s selfless act

Latest Stories

We use cookies to give you the best possible experience. Learn more