ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ പുതിയ ഭാവുകത്വം നല്‍കിക്കൊണ്ടാണ് വുമണ്‍സ് പ്രീമിയര്‍ ലീഗിന് തുടക്കമാവുന്നത്. മാര്‍ച്ച് നാലിലെ മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് പോരാട്ടത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു ഏടാണ് തുറക്കപ്പെടുന്നത്.
അഞ്ച് ടീമുകളാണ് ഡബ്ല്യൂ.പി.എല്ലിന്റെ പ്രഥമ സീസണില്‍ മാറ്റുരക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിങ്ങനെ ഐ.പി.എല്ലിലെ തന്നെ ഫ്രാഞ്ചൈസികളും ഗുജറാത്ത് ജയന്റ്‌സ്, യു.പി. വാറിയേഴ്‌സ് എന്നിങ്ങനെ രണ്ട് പുതിയ ഫ്രാഞ്ചൈസികളുമാണ് ലീഗിലുള്ളത്.
വനിതാ ക്രിക്കറ്റിലെ ജയന്റ്‌സാണ് ഓസീസ്. നിരവധി ഐ.സി.സി കിരീടങ്ങളടക്കം സ്വന്തമാക്കിയാണ് വനിതാ ക്രിക്കറ്റില്‍ ഓസീസ് സര്‍വാധിപത്യം തുടരുന്നത്. അതേ അധീശത്വം തന്നെയാണ് ഡബ്ല്യൂ.പി.എല്ലിലും കാണുന്നത്.
അഞ്ച് ടീമുകളില്‍ മൂന്ന് ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ ഓസീസ് താരങ്ങളാണ്. മുംബൈ, ബെംഗളൂരു ടീമുകളെ മാത്രം ഇന്ത്യന്‍ താരങ്ങള്‍ നയിക്കുമ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ്, യു.പി വാറിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് എന്നീ ടീമുകളെ നയിക്കുന്നത് ഓസീസിന്റെ വനിതകളാണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് ബെത്ത് മൂണിക്ക് കീഴിലാകും ഗുജറാത്ത് ജയന്റ്‌സ് ഇറങ്ങുക. 2022 വനിതാ ലോകകപ്പിലും, 2018, 2020 വനിതാ ടി-20 ലോകകപ്പിലും 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഓസീസ് കിരീടം നേടിയപ്പോള്‍ മൂണിയും ടീമിനൊപ്പമുണ്ടായിരുന്നു. ഓസീസിന്റെ കിരീടനേട്ടത്തില്‍ താരത്തിന്റെ പങ്കും ഏറെ നിര്‍ണായകമായിരുന്നു.ഇതിന് പുറമെ രണ്ട് തവണ വനിതാ നാഷണല്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യനാകാനും മൂണിക്ക് സാധിച്ചു.
ഐ.സി.സിയുടെ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ക്യാപ്റ്റനായ മെഗ് ലാനിങ്ങാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലാനിങ്ങിനെ ക്യാപ്റ്റനായി ടീം അനൗണ്‍സ് ചെയ്തത്. താരത്തെ ടീമിലെത്തിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ ലാനിങ് തന്നെയാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.
ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്ത ഷെഫാലി വര്‍മ ടീമിനൊപ്പമുണ്ടെങ്കിലും അതൊക്കെ ലാനിങ്ങിന്റെ എക്‌സ്പീരിയന്‍സിന് മുമ്പില്‍ ചെറുതാണെന്ന കാര്യവും ആരാധകര്‍ക്കുമറിയാമായിരുന്നു.
അഞ്ച് തവണയാണ് ഓസ്‌ട്രേലിയ മെഗ് ലാനിങ്ങിന്റെ ചിറകില്‍ ഐ.സി.സിയുടെ ലോകകീരീടങ്ങളിലേക്ക് പറന്നിറങ്ങിയത്. ഇത്തവണത്തെ ഐ.സി.സി ടി-20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. ഓസീസിനെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാക്കിയ ലാനിങ് ഇത്തവണ ദല്‍ഹിക്കായി അതുതന്നെ ചെയ്യുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
യു.പി വാറിയേഴ്‌സ് ക്യാപ്റ്റനും ഓസീസ് താരം തന്നെയാണ്. ഓസീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അലീസ ഹെയ്‌ലിയാണ് സീസണില്‍ വാറിയേഴ്‌സിനെ നയിക്കുക. ഗാര്‍ഡ്‌നറിനെ പോലെ തന്നെ ഓസീസിന്റെ നിരവധി കിരീടനേട്ടത്തില്‍ പങ്കാളിയാണ് ഹെയ്‌ലിയും.
വനിതാ ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ പുറത്താക്കിയ താരത്തിന്റെ ഇന്‍ക്രെഡിബിള്‍ ഗ്ലൗ വര്‍ക്കും ചര്‍ച്ചയായിരുന്നു. വാറിയേഴ്‌സിന് പലതും നേടിക്കൊടുക്കാന്‍ താരത്തിനാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.