വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണിന് ഗംഭീര തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ജയന്റ്‌സ് അഞ്ച് വിക്കറ്റിന് 201 റണ്‍സ് നേടി.
ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്ണറിന്റെ കരുത്തിലാണ് ഗുജറാത്ത് ജയന്റ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ തന്റെ മൂന്നാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഗാര്‍ഡ്ണര്‍ തിളങ്ങിയത്. 37 പന്ത് നേരിട്ട താരം പുറത്താകാതെ 79 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും എട്ട് സിക്‌സറുമടക്കം 213.51 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗാര്‍ഡ്ണര്‍ സ്വന്തമാക്കി. ഒരു ഡബ്ല്യൂ.പി.എല്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗാര്‍ഡ്ണര്‍ സ്വന്തമാക്കിയത്. ജയന്റ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും ഗാര്‍ഡ്ണറിന് സാധിച്ചു.
ഒരു ഡബ്ല്യൂ.പി.എല്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം
(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ആഷ്‌ലീ ഗാര്‍ഡ്ണര്‍ – ഗുജറാത്ത് ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 8 – 2025
സോഫി ഡിവൈന്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ജയന്റ്‌സ് – 8 – 2024
ഷെഫാലി വര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ജയന്റ്‌സ് – 2024
ഹര്‍മന്‍പ്രീത് കൗര്‍ – മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് – 5 – 2024
മത്സരത്തില്‍ ഗാര്‍ഡ്ണറിന് പുറമെ സൂപ്പര്‍ താരം ബെത് മൂണിയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 42 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
13 പന്തില്‍ 25 റണ്‍സ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിനാണ് ജയന്റ്‌സിനായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി രേണുക സിങ് രണ്ട് വിക്കറ്റ് നേടി. ഈ സീസണിലെ ആദ്യ വിക്കറ്റ് നേടിയതും രേണുക സിങ് തന്നെയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ലോറ വോള്‍വാര്‍ഡിനെയാണ് സീസണിലെ ആദ്യ വിക്കറ്റായി രേണുക മടക്കിയത്.
കനിക അഹൂജ, പ്രേമ റാവത്ത്, ജോര്‍ജിയ വെര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
202 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 14 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ആര്‍.സി.ബി.
ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും നാല് പന്തില്‍ നാല് റണ്‍സുമായി ഡാനി വയറ്റുമാണ് പുറത്തായത്. ഇരുവരെയും ആഷ് ഗാര്‍ഡ്ണറാണ് പുറത്താക്കിയത്.
ഒരു പന്തില്‍ ഒരു റണ്ണുമായി എല്ലിസ് പെറിയും വയറ്റിന് പകരം കളത്തിലിറങ്ങിയ രാഘവി ബിശ്തുമാണ് ക്രീസില്‍.
Content Highlight: WPL 2025: Ashleigh Gardner Most sixes in an innings in WPL history