| Tuesday, 5th March 2024, 10:28 pm

വിരമിച്ചവള്‍ വീണ്ടും വീണ്ടും റെക്കോഡ് നേടുന്നു; ഐതിഹാസികം, ഇന്ത്യന്‍ ലീഗിന്റെ ചരിത്രം തിരുത്തി ലാന്നിങ്

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്. ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ലാന്നിങ് സ്വന്തമാക്കിയത്. ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലാണ് ലാന്നിങ് ചരിത്രം കുറിച്ചത്.

മുംബൈക്കെതിരായ മത്സരത്തില്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ഈ നേട്ടം ലാന്നിങ് സ്വന്തമാക്കിയത്. ആദ്യ സീസണില്‍ 345 റണ്‍സടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ അതേ പ്രകടനം തന്നെയാണ് ദല്‍ഹി ക്യാപ്റ്റന്‍ ഈ സീസണിലും പുറത്തെടുക്കുന്നത്.

2024ലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് ലാന്നിങ് മുംബൈക്കെതിരെ കുറിച്ചത്. 38 പന്തില്‍ ആറ് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സാണ് ലാന്നിങ് നേടിയത്. 139.47 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ലാന്നിങ് കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു റെക്കോഡും തന്റെ പേരില്‍ കുറിച്ചിരുന്നു. ടി-20 ഫോര്‍മാറ്റിലെ 9,000 റണ്‍സ് എന്ന നേട്ടമാണ് ലാന്നിങ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ക്യാപ്റ്റന് പുറമെ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 33 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് ജെമി സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 209.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജെമി റണ്ണടിച്ചുകൂട്ടിയത്.

ഇതിനൊപ്പം ഷെഫാലി വര്‍മയുടെ വെടിക്കെട്ടും ദല്‍ഹിക്ക് തുണയായി. വെറും 12 പന്തില്‍ 28 റണ്‍സാണ് താരം സ്വന്തമാക്കിയത്. 233.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് ഇന്ത്യന്‍ യുവതാരം റണ്‍സ് അടിച്ചുനേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയില്‍ ക്യാപ്പിറ്റല്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 12 ഓവര്‍ പിന്നിടുമ്പോള്‍ 84ന് അഞ്ച് എന്ന നിലയിലാണ്. ഹെയ്‌ലി മാത്യൂസ് (17 പന്തില്‍ 29), യാഷ്ടിക ഭാട്ടിയ (മൂന്ന് പന്തില്‍ ആറ്), നാറ്റ് സ്‌കിവര്‍ ബ്രണ്ട് (മൂന്ന് പന്തില്‍ അഞ്ച്), ഹര്‍മന്‍പ്രീത് കൗര്‍ (ആറ് പന്തില്‍ ആറ്), അമേലിയ കേര്‍ (20 പന്തില്‍ 17) എന്നിവരാണ് പുറത്തായത്.

മാരിസന്‍ കാപ്പ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജെസ് ജോന്നാസെന്‍, ടിറ്റാസ് സാധു, ശിഖ പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

11 പന്തില്‍ 13 റണ്‍സുമായി അമന്‍ജോത് കൗറും 12 പന്തില്‍ അഞ്ച് റണ്‍സുമായി പൂജ വസ്ത്രാര്‍ക്കറുമാണ് ക്രീസില്‍.

Content highlight: WPL 2024: Meg Lanning becomes the first batter to score 500 runs in WPL

We use cookies to give you the best possible experience. Learn more