വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്. ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ലാന്നിങ് സ്വന്തമാക്കിയത്. ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലാണ് ലാന്നിങ് ചരിത്രം കുറിച്ചത്.
മുംബൈക്കെതിരായ മത്സരത്തില്‍ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ഈ നേട്ടം ലാന്നിങ് സ്വന്തമാക്കിയത്. ആദ്യ സീസണില്‍ 345 റണ്‍സടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ അതേ പ്രകടനം തന്നെയാണ് ദല്‍ഹി ക്യാപ്റ്റന്‍ ഈ സീസണിലും പുറത്തെടുക്കുന്നത്.
2024ലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് ലാന്നിങ് മുംബൈക്കെതിരെ കുറിച്ചത്. 38 പന്തില്‍ ആറ് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സാണ് ലാന്നിങ് നേടിയത്. 139.47 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ലാന്നിങ് കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു റെക്കോഡും തന്റെ പേരില്‍ കുറിച്ചിരുന്നു. ടി-20 ഫോര്‍മാറ്റിലെ 9,000 റണ്‍സ് എന്ന നേട്ടമാണ് ലാന്നിങ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
Third FIFTY of the season for Meg Lanning 👏👏
The #DC captain continues her consistent batting display ✨
— Women’s Premier League (WPL) (@wplt20) March 5, 2024
ക്യാപ്റ്റന് പുറമെ സൂപ്പര്‍ താരം ജെമീമ റോഡ്രിഗസും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 33 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് ജെമി സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കം 209.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജെമി റണ്ണടിച്ചുകൂട്ടിയത്.