വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷന്റെ കലാശപ്പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് ക്യാപ്പിറ്റല്‍സും എലിമിനേറ്ററില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈയെ തോല്‍പിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള പോരാട്ടം തീ പാറുമെന്നുറപ്പാണ്.
ഇത് രണ്ടാം തവണയാണ് ക്യാപ്പിറ്റല്‍സ് ഫൈനലിനിറങ്ങുന്നത്. ആദ്യ സീസണില്‍ മുംബൈയോട് പരാജയപ്പെടാനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിധി. അതേ സമയം, ബെംഗളൂരുവിന്റെ ആദ്യ ഡബ്ല്യൂ.പി.എല്‍ ഫൈനലാണിത്.
ഫൈനലില്‍ ഏത് ടീം തന്നെ വിജയിച്ചാലും അതാത് ഫ്രാഞ്ചൈസികളുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടനേട്ടമായിരിക്കും ഇത്. 2008 മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായിട്ടും നേടാന്‍ സാധിക്കാത്ത കിരീടമാണ് വനിതാ പ്രീമിയര്‍ ലീഗിലൂടെ ദല്‍ഹി, ബെംഗളൂരു ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിടുന്നത്.
2008 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാത പോയ മൂന്ന് ടീമുകള്‍ മാത്രമാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലുള്ളത്. ദല്‍ഹി ക്യാപ്പിറ്റല്‍സ്/ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, പഞ്ചാബ് കിങ്‌സ്/ കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് ആ ഫ്രാഞ്ചൈസികള്‍.
കിരീടത്തിന് തൊട്ടടുത്തെത്തി പരാജയപ്പെട്ടവരാണ് മൂന്ന് ടീമുകളും. 2008, 2011, 2016 സീസണുകളില്‍ ആര്‍.സി.ബി ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്പിറ്റല്‍സ് 2020ലും പഞ്ചാബ് 2014ലും കപ്പില്‍ മുത്തമിടാന്‍ സാധിക്കാതെ കാലിടറി വീണു.
ഇപ്പോള്‍ വനിതാ പ്രീമിയര്‍ ലീഗിലൂടെ ഒരു ടീമിന്റെ കിരീടവരള്‍ച്ചക്ക് അന്ത്യമാകുമെന്നുറപ്പാണ്.
മികച്ച ഫോമാണ് ഇരുടീമുകളും പുറത്തെടുക്കുന്നത്. അതിനാല്‍ തന്നെ കലാശപ്പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പാണ്.
ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും ഷെഫാലി വര്‍മയും അടങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ദല്‍ഹിയുടെ കരുത്ത്. ഇരുവരും ചേര്‍ന്ന് അടിത്തറയിടുന്ന ഇന്നിങ്‌സ് അലീസ് ക്യാപ്‌സിയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് പടുത്തുയര്‍ത്തും.
മാരിസന്‍ കാപ്പ്, ശിഖ പാണ്ഡേ, ജെസ് ജോന്നാസെന്‍ എന്നിവരാണ് ബൗളിങ്ങില്‍ ക്യാപ്പിറ്റല്‍സിന് തുണയാവുക.
ഓസീസ് സൂപ്പര്‍ താരം എല്ലിസ് പെറിയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സസിന് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന പെറി തന്നെയാകും ഫൈനലിലെ ഗെയിം ചെയ്ഞ്ചര്‍.
ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമും ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്. ശ്രേയങ്ക പാട്ടീലും രേണുക സിങ്ങും ഉള്‍പ്പെടുന്ന ബൗളിങ് നിരയും കളമറിഞ്ഞ് കളിച്ചാല്‍ കിരീടം ആര്‍.സി.ബിയുടെ ഷെല്‍ഫിലെത്തും.