വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത് ജയന്റ്‌സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ജയന്റ്‌സ് തകര്‍ത്തടിച്ചത്.
സീസണില്‍ കളിച്ച് നാലില്‍ നാല് മത്സരവും പരാജയപ്പെട്ട ജയന്റ്‌സ് ആദ്യ ജയത്തിനായാണ് പൊരുതുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബെത് മൂണി ലോറ വോള്‍വാര്‍ഡിനൊപ്പം ചേര്‍ന്ന് തന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുത്തു.
നേരിട്ട ആദ്യ ഓവറില്‍ തന്നെ ഇരുവരും നയം വ്യക്തമാക്കിയതോടെ ജയന്റ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ പാഞ്ഞതോടെ റോയല്‍ ചലഞ്ചേഴ്‌സിന്റെ പദ്ധികള്‍ മുഴുവന്‍ തെറ്റി.
ആദ്യ വിക്കറ്റില്‍ 140 റണ്‍സാണ് മൂണിയും ലോറയും ചേര്‍ന്ന് അടിച്ചെടുത്തത്. ലോറയുടെ വിക്കറ്റാണ് പടുകൂറ്റന്‍ ടോട്ടലിലേക്ക് കുതിച്ച ജയന്റ്‌സിന്റെ മൊമെന്റം തകര്‍ത്തത്.
45 പന്തില്‍ 76 റണ്‍സില്‍ നില്‍ക്കവെ ലോറ റണ്‍ ഔട്ടായതോടെയാണ് ആര്‍.സി.ബിക്ക് അല്‍പമെങ്കിലും ആശ്വാസമായത്. 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 168.89 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്.
പിന്നാലെയെത്തിയവരില്‍ ഫോബ് ലീച്ച് ഫീല്‍ഡിന് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ സാധിച്ചത്. 17 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്.
ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ (ഗോള്‍ഡന്‍ ഡക്ക്) ഡയ്‌ലിന്‍ ഹേമലത (മൂന്ന് പന്തില്‍ ഒന്ന്) വേദ കൃഷ്ണമൂര്‍ത്തി (രണ്ട് പന്തില്‍ ഒന്ന്) എന്നിവര്‍ അതിവേഗം കൂടാരം കയറി.
ഒടുവില്‍ 20 ഓവറില്‍ 199ന് അഞ്ച് എന്ന നിലയില്‍ ജയന്റ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
51 പന്തില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്ന ബെത് മൂണിയാണ് ടോപ് സ്‌കോറര്‍. 13 ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും ലോറയെയും മൂണിയെയും തേടിയെത്തിയിരുന്നു. വനിതാ പ്രീമിയര്‍ ലീഗില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് സ്വന്തമാക്കുന്ന ഏറ്റവും വലിയ സ്‌കോര്‍ (ഓപ്പണര്‍മാരുടെ ടോട്ടല്‍ സ്‌കോര്‍) എന്ന നേട്ടമാണ് ഇരുവരും നേടിയത്. 161 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഓപ്പണര്‍മാര്‍ ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
(റണ്‍സ് – താരങ്ങള്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
161 – ബെത് മൂണി & ലോറ വോള്‍വാര്‍ഡ് – ഗുജറാത്ത് ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2024
156 – മെഗ് ലാന്നിങ് & ഷെഫാലി വര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2023
136 – സ്മൃതി മന്ഥാന & സോഫി ഡിവൈന്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ജയന്റ്‌സ് – 2023
ഇതിന് പുറമെ വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും മികച്ച രണ്ടാമത് പാര്‍ട്ണര്‍ഷിപ്പ് എന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.
ഡബ്ല്യൂ.പി.എല്ലിലെ മികച്ച കൂട്ടുകെട്ട്
(റണ്‍സ് – താരങ്ങള്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
162 – മെഗ് ലാന്നിങ് & ഷെഫാലി വര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2023
140 – ബെത് മൂണി & ലോറ വോള്‍വാര്‍ഡ് – ഗുജറാത്ത് ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2024
139* – അലീസ ഹീലി & ദേവിക വൈദ്യ -റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2023
ഈ മൂന്ന് റെക്കോഡ് നേട്ടങ്ങളും ആര്‍.സി.ബിക്ക് എതിരെയാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഇതോടൊപ്പം വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 20 ഓവറും ക്രീസില്‍ തുടരുന്ന ആദ്യ താരം എന്ന നേട്ടവും മൂണി സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ആര്‍.സി.ബിക്കായി സോഫി മോളിനക്‌സും ജോര്‍ജിയ വെയര്‍ഹാമും ഓരോ വിക്കറ്റ് വീതം നേടി. മറ്റ് മൂന്ന് വിക്കറ്റുകളും റണ്‍ ഔട്ടിലൂടെയാണ് പിറന്നത്.
Content highlight: WPL 2024, Beth Mooney and Laura Wolvarrdt’s brilliant innings