| Wednesday, 6th March 2024, 10:37 pm

ഇത് ചരിത്രം; ഒരാള്‍ക്ക് പോലും സാധിക്കാത്ത നേട്ടവുമായി ഓസീസ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിര്‍ ലീഗില്‍ ഐതിഹാസിക നേട്ടവുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബെത് മൂണി. ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തില്‍ 20 ഓവറും ക്രീസില്‍ തുടരുന്ന ആദ്യ താരം എന്ന തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ബുധനാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തിലാണ് ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ മൂണി ഈ നേട്ടം സ്വന്തമാക്കിയത്.

സീസണില്‍ ഇതുവരെ ജയം കണ്ടെത്താന്‍ സാധിക്കാതിരുന്ന ജയന്റ്‌സിന് ഈ മത്സരം ഏറെ നിര്‍ണായകമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ ടീമിനെ മുമ്പില്‍ നിന്ന് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ജയന്റ്‌സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ തകര്‍ത്തടിച്ചു. ക്യാപ്റ്റനൊപ്പം ലോറ വോള്‍വാര്‍ഡും ആര്‍.സി.ബി ബൗളിങ് നിരയെ തല്ലിച്ചതച്ചതോടെ ജയന്റ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ പാഞ്ഞതോടെ റോയല്‍ ചലഞ്ചേഴ്സിന്റെ പദ്ധികള്‍ മുഴുവന്‍ തെറ്റി.

ആദ്യ വിക്കറ്റില്‍ 140 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മികച്ച ടോട്ടലിലേക്ക് കുതിച്ച ജയന്റ്‌സിന് ലോറയുടെ മടക്കം തിരിച്ചടിയായി. റണ്‍ ഔട്ടായാണ് താരം പുറത്തായത്. 45 പന്തില്‍ 13 ബൗണ്ടറിയടക്കം 76 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയവര്‍ നിരാശപ്പെടുത്തിയെങ്കിലും മൂണി പിടിച്ചുനിന്നു. ആഷ്ലീഗ് ഗാര്‍ഡ്ണര്‍ (ഗോള്‍ഡന്‍ ഡക്ക്) ഡയ്ലിന്‍ ഹേമലത (മൂന്ന് പന്തില്‍ ഒന്ന്) വേദ കൃഷ്ണമൂര്‍ത്തി (രണ്ട് പന്തില്‍ ഒന്ന്) എന്നിവര്‍ അതിവേഗം തിരിച്ചുനടന്നു.

കൂട്ടത്തില്‍ ഫോബ് ലീച്ച് ഫീല്‍ഡിന് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. 17 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ 20 ഓവറില്‍ 199ന് അഞ്ച് എന്ന നിലയില്‍ ജയന്റ്സ് പോരാട്ടം അവസാനിപ്പിച്ചു.

51 പന്തില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്നാണ് മൂണി റെക്കോഡ് നേട്ടം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 13 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് മൂണി മന്ഥാനപ്പടയെ തകര്‍ത്തുവിട്ടത്.

200 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ആര്‍.സി.ബി 13 ഓവര്‍ പിന്നിടുമ്പോള്‍ 96ന് മൂന്ന് എന്ന നിലയിലാണ്.

എസ്. മേഘ്‌ന (13 പന്തില്‍ 4), സ്മൃതി മന്ഥാന (16 പന്തില്‍ 24), സോഫി ഡിവൈന്‍ (23 പന്തില്‍ 24) എന്നിവരുടെ വിക്കറ്റാണ് ആര്‍.സി.ബിക്ക് നഷ്ടമായത്. 11 പന്തില്‍ 13 റണ്‍സ് നേടിയ റിച്ച ഘോളും 22 പന്തില്‍ 24 റണ്‍സുമായി എല്ലിസ് പെറിയുമാണ് ക്രീസില്‍.

Content Highlight: WPL 2024, Beth Mooney achieved historic feat

We use cookies to give you the best possible experience. Learn more