| Wednesday, 11th January 2023, 7:08 pm

യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോക്ക് പകരക്കാരനായെത്തുന്നത് മെസി ആട്ടിയോടിച്ച താരം; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് വിട പറഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. താരത്തിന്റെ സ്ഥാനത്തേക്ക് മികച്ചൊരു സ്‌ട്രൈക്കറെ അന്വേഷിക്കുകയായിരുന്നു കോച്ച് എറിക് ടെന്‍ ഹാഗും കൂട്ടരും. പലരെയും യുണൈറ്റഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഡച്ച് സൂപ്പര്‍താരം വൂട്ട് വെഗോസ്റ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലെത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ് ക്ലബ്ബായ ബേണ്‍ലിയുടെ താരമാണ് വെഗോസ്റ്റ്. അതേസമയം, ബെസികാസ്റ്റിന് വേണ്ടി ലോണ്‍ അടിസ്ഥാനത്തിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. ബേണ്‍ലിയുമായിട്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയും ഹോളണ്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴാണ് വൂട്ട് വെഗോസ്റ്റ് ജനശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ലയണല്‍ മെസി അപമാനിച്ചുവെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. മെസിയെ അഭിനന്ദിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെ നിരാശപ്പെടുത്തുകയായിരുന്നെന്നാണ് വെഗ്‌ഹോസ്റ്റ് പറഞ്ഞത്.

മത്സരശേഷം മാധ്യമ പ്രവര്‍ത്തകനോട് സംസാരിച്ചു നില്‍ക്കവെ തന്നെ നോക്കി നിന്ന വെഗ്‌ഹോസ്റ്റിനോട് എന്തിനാണ് നോക്കി നില്‍ക്കുന്നത്, പോയി നിന്റെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ താന്‍ മെസിക്ക് കൈകൊടുത്ത് അഭിനന്ദിക്കാന്‍ ചെന്നതാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെ നിരാശനാക്കിയെന്നും വെഗ്‌ഹോസ്റ്റ് ഡച്ച് മാധ്യമത്തോട് പറഞ്ഞു.

മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ വെഗ്‌ഹോസ്റ്റായിരുന്നു നെതര്‍ലന്‍ഡ്‌സിനായി 2 ഗോളുകള്‍ സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈമിലെ അവസാന സെക്കന്‍ഡില്‍ വെഗ്‌ഹോസ്റ്റ് നേടിയ ഗോളിലാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് ഹോളണ്ട് നീട്ടിയെടുത്തത്. എന്നാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിന് പിഴക്കുകയായിരുന്നു.

അതേസമയം, മൂന്ന് മില്യണ്‍ യൂറോയാണ് വെഗോസ്റ്റിന് വേണ്ടി യുണൈറ്റഡ് ചെലവഴിക്കുക. ലോണ്‍ അടിസ്ഥാനത്തിലായിരിക്കും താരം യുണൈറ്റഡിലെത്തുക.

Content Highlight: Wout Weghorst signed with Manchester United

We use cookies to give you the best possible experience. Learn more