ലോകകപ്പ് ക്വാർട്ടറിൽ അർജൻറീനക്കെതിരായ മത്സരത്തിന് ശേഷം ലയണൽ മെസി അപമാനിച്ചുവെന്ന് നെതർലൻഡ്സ് താരം വൗട്ട് വെഗ്ഹോസ്റ്റ്. മെസിയെ അഭിനന്ദിക്കാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ തന്നെ നിരാശപ്പെടുത്തുകയായിരുന്നെന്നാണ് വെഗ്ഹോസ്റ്റ് പറഞ്ഞത്.
മത്സരശേഷം മാധ്യമ പ്രവർത്തകനോട് സംസാരിച്ചു നിൽക്കവെ തന്നെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്തിനാണ് നോക്കി നിൽക്കുന്നത്, പോയി നിൻറെ പണി നോക്ക് വിഡ്ഢീ എന്നായിരുന്നു മെസി സ്പാനിഷ് ഭാഷയിൽ പ്രതികരിച്ചത്.
എന്നാൽ താൻ മെസിക്ക് കൈകൊടുത്ത് അഭിനന്ദിക്കാൻ ചെന്നതാണെന്നും അദ്ദേഹത്തിൻറെ പെരുമാറ്റം തന്നെ നിരാശനാക്കിയെന്നും വെഗ്ഹോസ്റ്റ് ഡച്ച് മാധ്യമത്തോട് പറഞ്ഞു.
‘മത്സരത്തിന് ശേഷം മെസിക്ക് കൈ കൊടുക്കാനും അഭിനന്ദിക്കാനുമാണ് ഞാൻ അവിടെ ചെന്നത്. കളിക്കാരനെന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മെസിയെ ഞാൻ വളരെയധികം ബഹുമാനിക്കുകയും ചെയ്യുന്നു.
എന്നാൽ അദ്ദേഹം എനിക്ക് കൈ തരാൻ തയ്യാറിയില്ലെന്ന് മാത്രമല്ല സ്പാനിഷ് ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തു. എനിക്ക് സ്പാനിഷ് ഭാഷ അധികം അറിയില്ലെങ്കിലും അദ്ദേഹം ചീത്തവിളിച്ചതാണെന്ന് മനസിലായിരുന്നു. അതെന്നെ നിരാശനാക്കി,’ വെഗ്ഹോസ്റ്റ് പറഞ്ഞു.
അതേസമയം മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ വെഗ്ഹോസ്റ്റായിരുന്നു നെതർലൻഡ്സിനായി 2 ഗോളുകൾ സ്വന്തമാക്കിയത്. മത്സരം ഇഞ്ചുറി ടൈമിലെ അവസാന സെക്കൻഡിൽ വെഗ്ഹോസ്റ്റ് നേടിയ ഗോളിലാണ് കളി എക്സ്ട്രാ ടൈമിലേക്ക് ഹോളണ്ട് നീട്ടിയെടുത്തത്. എന്നാൽ പെനാൽട്ടി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന് പിഴക്കുകയായിരുന്നു.
Content Highlights: Wout Weghorst about Lionel Messi