| Tuesday, 22nd August 2023, 9:04 pm

ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ? അനുശ്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കില്ലെന്ന് നടി അനുശ്രി. അത്രയും വിശ്വാസത്തോട് കൂടി അമ്പലത്തിന്റെ മണ്ണില്‍ വളര്‍ന്ന നമ്മള്‍ ഒരു ദിവസം ഗണപതി കെട്ടുകഥയാണെന്ന് കേള്‍ക്കുകയാണെന്നും നടി പറഞ്ഞു. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞത് പോലെ തന്റെ ഈ വിഷയത്തിലുള്ള പ്രതികരണവുമാണിതെന്നും അനുശ്രി കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രി

‘അത്രയും വിശ്വാസത്തോട് കൂടി അമ്പലത്തിന്റെ മണ്ണില്‍ വളര്‍ന്നവരാണ് നമ്മള്‍. ഒരു ദിവസം ആരോ എവിടെയോ ഇരുന്ന് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണെന്ന് പറയുന്നത് കേട്ടാല്‍ നമ്മള്‍ സഹിക്കുമോ. ഇല്ല, സഹിക്കില്ല.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞത് പോലെ എന്റെ ഒരു ചെറിയ പ്രതിഷേധം പ്രതികരണവുമാണിത്. അത് ഗണപതി എനിക്ക് അനുഗ്രഹിച്ച് തന്ന സദസായാണ് ഇതിനെ കാണുന്നത്. എന്നെയും കൂടി കൊണ്ടുപോകുമോ എന്ന് ചോദിച്ച് വാങ്ങിയ സദസാണിത്. ഒരു പക്ഷേ ഞാന്‍ ആദ്യമായിട്ടായിരിക്കും അങ്ങോട്ട് ആവശ്യപ്പെട്ട് ഒരു പ്രോഗ്രാമിന് പോകുന്നത്. പക്ഷേ ഈയൊരു ചടങ്ങില്‍ വന്നപ്പോള്‍ ഇത്രയും ഗണപതി ഭക്തരെ ഒരുമിച്ച് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം,’ അനുശ്രി പറഞ്ഞു.

അതേസമയം ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന്റെ പേരില്‍ വേട്ടയാടപ്പെട്ടുവെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീറും അഭിപ്രായപ്പെട്ടു. കരളം പോലൊരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും അദ്ദേഹം ചോദിച്ചു. സഹോദന്‍ അയ്യപ്പന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കവേയായിരുന്നു മിത്ത് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വേട്ടയാടലിനെ പറ്റി സ്പീക്കര്‍ പ്രസംഗിച്ചത്.

‘വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെടേണ്ടതുണ്ടെന്നാണ് ഈ ഘട്ടത്തില്‍ എനിക്ക് ഓര്‍മപ്പെടുത്താനുള്ളത്. ചില കാര്യങ്ങള്‍ വിളിച്ച് പറയുമ്പോള്‍ അക്രമിക്കപ്പെടുന്നു. ചില സത്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ വേട്ടയാടപ്പെടുന്നു. അത് മാത്രമല്ല, ഒറ്റതിരിഞ്ഞാണ് അക്രമിക്കുന്നത്.

ഇന്ന് ഇന്ത്യയില്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യലാണ് പരിഹാരം. ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഞാന്‍. രൂക്ഷമായ വേട്ടയാടലായിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്,’ എന്നാണ് ഷംസീര്‍ പറഞ്ഞത്.

മിത്തുകള്‍ക്ക് പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന ഷംസീറിന്റെ പരാമര്‍ശം വലിയ തരത്തില്‍ വിവാദമായിരുന്നു. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഷംസീര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

‘വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെന്ന ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം,’ എന്നാണ് ഷംസീര്‍ അന്ന് പറഞ്ഞത്,’ എന്നായിരുന്നു ഷംസീര്‍ അന്ന് പറഞ്ഞത്.

content highlights: Would you tolerate someone sitting anywhere and telling you that Lord Ganesha is a myth? Anusree

We use cookies to give you the best possible experience. Learn more