Kerala News
'വി.വി.ഐ.പിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ പ്രവര്‍ത്തിക്കുക'; കാസര്‍ഗോട്ടെ പതിനഞ്ചുകാരിയുടെ മരണത്തില്‍ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 10, 09:07 am
Monday, 10th March 2025, 2:37 pm

കൊച്ചി: കാസര്‍ഗോഡ് നിന്ന് കാണാതായ പെണ്‍കുട്ടിയെയും പ്രദേശവാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ് പൊലീസിനോട് വിശദീകരണം തേടിയത്. പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് നടപടി.

ഇന്നലെ (ഞായര്‍)യാണ് പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും വീടിന് സമീപത്തുള്ള കാടിനുള്ളില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും എന്തുകൊണ്ട് പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് കോടതി ചോദിച്ചു.

ഒരു വി.വി.ഐ.പിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ ഇങ്ങനെയാണോ പൊലീസ് പ്രവര്‍ത്തിക്കുക എന്നും കോടതി ചോദ്യം ഉയര്‍ത്തി. നിയമത്തിന് മുന്നില്‍ വി.വി.ഐ.പിയും സാധാരണക്കാരനും ഒന്ന് തന്നെയാണെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറിയുമായി നാളെ (ചൊവ്വ) ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

പതിനഞ്ചുവയസുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തിന്റെ പഴക്കമുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

കാട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ ഉണങ്ങിയ നിലയിലായിരുന്നു. നിലവില്‍ കൂടുതല്‍ പരിശോധങ്ങള്‍ക്ക് വിധേയമാക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനാ നടപടികള്‍ ആരംഭിച്ചു.

15കാരി ശ്രേയ, അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെറും 200 മീറ്റര്‍ മാത്രം അകലത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായെന്ന് സ്ഥിരീകരിക്കുകയിരുന്നു.

Content Highlight: ‘Would the police have acted like this if she was the daughter of a VVIP’; High Court asks on death of 15-year-old girl in Kasaragod