ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ ലോക്‌സഭയില്‍ സുഷമാ സ്വരാജ് പ്രസാതാവന നടത്തി. ലളിത് മോദിയെയല്ല മറിച്ച് അദ്ദേഹത്തിന്റെ കാന്‍സര്‍ രോഗിയായ ഭാര്യയെയാണ് സഹായിച്ചതെന്ന്് സുഷമ സ്വരാജ് പറഞ്ഞു. ജീവന്‍ അപകടത്തിലായ സാഹചര്യത്തില്‍ മോദിയുടെ ഭാര്യ മിനാലിന് അവരുടെ ഭര്‍ത്താവിന്റെ സാന്നിധ്യം ആവശ്യമായ സാഹചര്യത്തിലാണ് സഹായം നല്‍കിയത്.തന്റെ സ്ഥാനത്ത് സോണിയ ഗാന്ധി ആയിരുന്നെങ്കില്‍ രോഗിയായ ഒരു സ്ത്രീയെ മരിക്കാന്‍ വിടുമായിരുന്നോയെന്നും സുഷമ സ്വരാജ് ചോദിച്ചു.
ഒരു സ്ത്രീയെ സഹായിച്ചത് കുറ്റമാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്. മോദിയെ നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുത്താനല്ല ശ്രമിച്ചത്. ഇത് കൊണ്ട് എന്തെങ്കിലും സാമ്പത്തിക നേട്ടം തനിക്കുണ്ടായിട്ടുണ്ടോയെന്നും സുഷമ സ്വരാജ് ചോദിച്ചു.
മോദിക്ക് വിസ നല്‍കണമെന്ന് ഒരിക്കലും ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടിട്ടില്ല. മോദിക്ക് ബ്രിട്ടന്‍ വിസ അനുവദിക്കുകയാണെങ്കില്‍ അത് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്രപ്രശ്‌നമുണ്ടാക്കില്ലെന്ന് അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സുഷമ സ്വരാജ് പറഞ്ഞു.
ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സുഷമ സ്വരാജിന്റെ വിശദീകരണം. സഭയില്‍ പ്രതിഷേധിച്ച കാരണത്താല്‍ 5 കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍.