ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങൾ ആരാണെന്ന കാര്യത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ചിലരുടെ പട്ടികയിൽ മെസി ഇടം പിടിക്കുമ്പോൾ മറ്റു ചിലരുടേതിൽ റൊണാൾഡോയായിരിക്കും പ്രധാന താരം.
എന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ ആരെന്ന തന്റെ പട്ടികയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ജൂലിയോ മാൽഡനാഡോ.
“തുടങ്ങുന്നതിന് മുമ്പ് ഞാൻ പറയട്ടെ. ഫുട്ബോൾ ലോകത്ത് ചരിത്രം സൃഷ്ടിച്ച താരങ്ങളൊക്കെ ഏറ്റവും ബെസ്റ്റ് ആണെന്ന് എനിക്ക് അഭിപ്രായമില്ല. അത് ഒന്ന് വിശദീകരിക്കണമെന്ന് ഞാൻ വിചാരിക്കുന്നു. ഉദാഹരണത്തിന് ഡീ സ്റ്റെഫാനോ റൊണാൾഡോയേക്കാൾ മികച്ച താരമാണ്, പക്ഷെ പ്രധാനപ്പെട്ട പ്ലെയറല്ല,’ മാൽഡനാഡോ പറഞ്ഞു.
അദ്ദേഹം തിരഞ്ഞെടുത്ത ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ റൊണാൾഡോ ഇടം പിടിച്ചിരുന്നില്ല. ജൊഹാൻ ക്രൈഫ്, ഡീ സ്റ്റെഫാനോ, പെലെ, മറഡോണ, മെസി എന്നിവരാണ് മാൽഡനാഡോയുടെ അഭിപ്രായത്തിൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ.
“എന്റെ അഭിപ്രായത്തിൽ മെസിയാണ് റൊണാൾഡോയേക്കാൾ മികച്ച താരം. റൊണാൾഡോയുടെ മികവിൽ എനിക്ക് സംശയമൊന്നുമില്ല. മെസിയുടെ കാലഘട്ടത്തിൽ അദ്ദേഹം ബാലൻ ഡി ഓർ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഫിസിക്കലി ഫിറ്റായ താരം മികച്ച സ്ട്രൈക്കറും കൂടിയാണ്. പക്ഷെ പ്രതിഭയുടെ കാര്യം നോക്കുകയാണെങ്കിൽ കളിയെ കൂടുതൽ മനസിലാക്കി സമീപിക്കുന്നത് മെസിയാണെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച താരങ്ങളുടെ പട്ടികയിൽ ആറാമതോ ഏഴാമതോ വേണമെങ്കിൽ റൊണാൾഡോയെ ഉൾപ്പെടുത്താം,’ മാൽഡനാഡോ കൂട്ടിച്ചേർത്തു.
അതേസമയം സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. യൂറോ ക്വാളിഫയർ മത്സരത്തിലും രണ്ട് കളികളിൽ നിന്നും നാല് ഗോളുകൾ സ്വന്തമാക്കാൻ റൊണാൾഡോക്കായി.