രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം; ഇന്ത്യയുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ: അദ്വാനിയുടെ അനുയായി
national news
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം; ഇന്ത്യയുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ: അദ്വാനിയുടെ അനുയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th June 2018, 10:16 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ അനുയായിയും സന്തത സഹചാരിയുമായ സുധീന്ദ്ര കുല്‍ക്കര്‍ണി.

കാശ്മീര്‍ പോലുള്ള ഇന്ത്യയുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധിയെപ്പോലൊരാള്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയേ തീരൂവെന്നും ഇദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനും ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദി പരാജയമാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയത്. മുംബൈയില്‍ നടന്ന പാനല്‍ ചര്‍ച്ചക്കിടെ “നല്ല മനസുള്ള നേതാവ്” എന്നാണ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം
വിശേഷിപ്പിച്ചത്.


കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി


പാക്കിസ്ഥാനുമായി ദീര്‍ഘനാളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രശ്‌നം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക വഴി അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കണം. അതോടെ ഇന്ത്യ വലിയ രാജ്യമായി ഉയര്‍ത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് നമുക്കൊരു ധാരണ ഉണ്ടാകണം. അതുകൊണ്ട് തന്നെയാണ് ഭാവി പ്രധാനമന്ത്രിയായി രാഹുല്‍ വരണമെന്ന് ഞാന്‍ പറയുന്നതും.

രാഹുല്‍ ചെറുപ്പമാണ്. മാത്രമല്ല അദ്ദേഹത്തിന് അനുകമ്പയുമുണ്ട്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഭാഷയില്‍ സംസാരിക്കുന്ന നേതാക്കള്‍ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

2019 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്തണമെന്നും അതിനൊപ്പം ചൈനയിലും ബംഗ്ലാദേശിലും അദ്ദേഹം ചെല്ലണമെന്നും എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മനസിലാക്കണമെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി ആവശ്യപ്പെട്ടു.