| Wednesday, 23rd March 2022, 12:40 pm

ഞാനായിരുന്നെങ്കില്‍ ആ ഗുണ്ടകളെ വെടിവെച്ചു കൊന്നേനെ; മരുമകള്‍ക്കെതിരായ ആക്രമണത്തില്‍ രോഷാകുലനായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറ്റ്‌ന: ബീഹാറിലെ നിലവിലെ ക്രമസമാധാന നിലയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശവുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മഞ്ചി.

ഇദ്ദേഹത്തിന്റെ മരുമകളും പഞ്ചായത്തംഗവുമായ കേസരി മഞ്ചിക്കെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മഞ്ചിയുടെ പ്രതികരണം.

‘ എനിക്ക് നേരെയായിരുന്നു ഇത്തരമൊരു ആക്രമണം നടന്നിരുന്നെങ്കില്‍ രണ്ട് മൂന്ന് അക്രമികളെയെങ്കിലും ഞാന്‍ കൊല്ലുമായിരുന്നു’ എന്നാണ് ജിതന്‍ റാം മഞ്ചി പറഞ്ഞത്.

25ാം വരുന്ന ഗുണ്ട സംഘമാണ് കേസരി ദേവി മഞ്ചിയേയും അവരുടെ കുടുംബാംഗങ്ങളേയും ആക്രമിച്ചതെന്നും മഞ്ചി പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേനയുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വഴിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമത്തില്‍ പരിക്കേറ്റ കേസരി ദേവിയെ മഗദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തി മടങ്ങിയ ശേഷമായിരുന്നു സര്‍ക്കാരിനെതിരെ ജിതന്‍ റാം മഞ്ചി രംഗത്തെത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേസരി ദേവി വിജയിച്ചിരുന്നു. ഇത് ചില സമുദായക്കാരെ ചൊടിപ്പിച്ചിരുന്നെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് ആരോപണം.

ജാതി വിദ്വേഷം തന്നെയാണ് ആക്രമണത്തിന് കാരണമെന്നും ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണം തന്നെയാണ് ഇതെന്നും കേസരി മഞ്ചിയുടെ മകന്‍ അവിനാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Would have killed the goons: Jitan Ram Manjhi fumes after attack on niece

We use cookies to give you the best possible experience. Learn more