കോഴിക്കോട്: ഇന്ന് ലോകത്തെവിടെയും പഴയകാല ഫാസിസം നിലവിലില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്ത്യയിലിപ്പോള്‍ ഫാസിസം ആണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘കേരളത്തിലേത് പോലെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമ ശൃംഖല ലോകത്ത് ഒരിടത്തുമില്ല,’ എം.വി. ഗോവിന്ദൻ
ഫാസിസം നിലവിലുണ്ടെങ്കില്‍ ഇങ്ങനെയൊരു അഭിമുഖം പോലും നടത്താന്‍ സാധിക്കുമോയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമത്തിനോട് ചോദിച്ചു. പൊലീസും കോടതിയുമടക്കം ഭരണകൂട സംവിധാനങ്ങളെയാകെ കൈപ്പിടിയിലൊതുക്കി, ഒരു പ്രതിപക്ഷത്തെയും അംഗീകരിക്കാതെ നടക്കുന്ന ക്ലാസിക്കല്‍ ഫാസിസത്തിനാണ് രണ്ടാംലോക യുദ്ധകാലത്ത് ലോകം സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങനെയൊരു ഫാസിസം ഇന്ത്യയില്‍ ഉണ്ടോയെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു.
എന്നാല്‍ ആര്‍.എസ്.എസിന് ഫാസിസിറ്റ് നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന ബി.ജെ.പി മറ്റു പാര്‍ട്ടികളെ പോലെയല്ല, 2000ത്തില്‍ പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ തന്നെ സി.പി.ഐ.എം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘നിലവിലുള്ളത് പുത്തന്‍ ഫാസിസ്റ്റ് സമീപനങ്ങളാണ്. ആദ്യം തന്നെ ഭരണകൂട അധികാരം പിടിച്ചെടുക്കുകയല്ല നവഫാസിസം ചെയ്യുക. അവര്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറും. ഭരണം കിട്ടിക്കഴിഞ്ഞാല്‍ പടിപടിയായി ഫാസിസത്തിലേക്ക് നീങ്ങും, അതാണ് ഇന്ത്യയില്‍ നടക്കുന്നത്.
മതാടിസ്ഥാനത്തില്‍ പൗരത്വം, ഏകീകൃത സിവില്‍ കോഡ്, ഏത് പള്ളിക്കടിയിലും അമ്പലം തിരയുന്ന സാഹചര്യം, അതിന് കോടതിയുടെ പിന്‍ബലം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തുടരാന്‍ അനുവദിച്ചാല്‍ രാജ്യം ഫാസിസത്തിലേക്ക് പോകും. അതാണ് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘ബി.ജെ.പിക്ക് കേരളത്തില്‍ വലിയ വളര്‍ച്ചയൊന്നുമില്ല. സംസ്ഥാനത്തെ 80 ശതമാനം വരുന്നവര്‍ മതേതര ചിന്താഗതിക്കാരാണ്. അവരുടെ മാറ്റം അനുസരിച്ച് കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരും,’ എം.വി. ഗോവിന്ദൻ
അടിയന്തരാവസ്ഥ കാലത്തുപോലും തങ്ങള്‍ അര്‍ധ ഫാസിസം എന്നേ പറഞ്ഞിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി ജനാധിപത്യം പൂര്‍ണമായും ഇല്ലായ്മ ചെയ്ത കാലമാണത്. പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കിയ കാലമാണത്. ചര്‍ച്ച തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. കേരളത്തിലേത് പോലെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമ ശൃംഖല ലോകത്ത് ഒരിടത്തുമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഫാസിസം വരുന്നതിനുമുമ്പ് വന്നുവെന്ന് പറയേണ്ട കാര്യമില്ലെന്നും ഉള്ളത് ഉള്ളതുപോലെ പറയണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. തങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ടെന്നും അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണകൂടം ആണെന്നത് സി.പി.ഐയുടെയും സി.പി.ഐ എം.എല്ലിന്റെയും പാര്‍ട്ടി നിലപാടാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പിക്ക് കേരളത്തില്‍ വലിയ വളര്‍ച്ചയൊന്നുമില്ല. സംസ്ഥാനത്തെ 80 ശതമാനം വരുന്നവര്‍ മതേതര ചിന്താഗതിക്കാരാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഈ ആളുകളുടെ മാറ്റം അനുസരിച്ച് കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരുമെന്നും ബി.ജെ.പിക്ക് സാധ്യതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Would anyone believe me if I said it was fascism in India? mv govindan