കഴിഞ്ഞവര്‍ഷം ഏറ്റവും കുറവ് വില്‍പ്പന നടത്തിയ കാറുകളുടെ പട്ടിക പുറത്ത്. കാലപ്പഴക്കമുള്ള ഫിയറ്റ് ലീനിയ സെഡാനാണ് “ആരും തിരിഞ്ഞു നോക്കാത്ത” കാറുകളുടെ പട്ടികയില്‍ മുന്നില്‍. വില, വില്‍പ്പനാനന്തര സേവനങ്ങള്‍, ഇന്ധനക്ഷമത, ബ്രാന്‍ഡ് പ്രതിച്ഛായ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ജയവും പരാജയവും. ഈ അവസരത്തില്‍ രാജ്യത്ത് ഏറ്റവും വില്‍പ്പന കുറവുള്ള പത്തു കാറുകള്‍ പരിശോധിക്കാം.
1. ഫിയറ്റ് ലീനിയ
ഫിയറ്റിന്റെ അശ്രദ്ധ കൊണ്ടുമാത്രം വിപണിയില്‍ നിറംമങ്ങിയ കാറാണ് ലീനിയ. മോഡലിന്റെ കാലപ്പഴക്കമാണ് മുഖ്യപ്രശ്നം. കഴിഞ്ഞവര്‍ഷം 114 യൂണിറ്റുകളുടെ വില്‍പ്പന മാത്രമേ ഫിയറ്റ് ലീനിയ കുറിച്ചുള്ളൂ. വില്‍പ്പനയില്‍ 77 ശതമാനം ഇടിവുമുണ്ട്.
2. മിത്സുബിഷി പജേറോ സ്പോര്‍ട്
എസ്.യു.വികളുടെ നിരയില്‍ നിന്നും മിത്സുബിഷി പജേറോ സ്പോര്‍ട് പുറത്തേക്ക് പോവുകയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ വമ്പന്മാര്‍ക്ക് മുന്നില്‍ പജേറോക്ക് വില്‍പ്പന കുറഞ്ഞു. കഴിഞ്ഞവര്‍ഷം 216 പജേറോ സ്പോര്‍ട് എസ്.യു.വികളെ മാത്രമാണ് മിത്സുബിഷിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. വില്‍പ്പനയിടവ് 39 ശതമാനം.
3. ടൊയോട്ട കാമ്രി (2017)
പുതിയ കാമ്രി വരുന്നുണ്ടെന്നറിഞ്ഞത് മുതല്‍ മുന്‍തലമുറ കാമ്രിയെ വാങ്ങാന്‍ ആളില്ലാതായി. 334 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.. വില്‍പ്പനയിടിവ് 59 ശതമാനം. 36.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ ടൊയോട്ട കാമ്രി അടുത്തിടെയാണ് വില്‍പ്പനയ്ക്കു വന്നത്. പുതിയ കാമ്രി ശ്രേണിയില്‍ കൂടുതല്‍ വില്‍പ്പന കുറിക്കുമെന്ന പ്രതീക്ഷ ടൊയോട്ടയ്ക്കുണ്ട്.
4. ടാറ്റ നാനോ
നാനോയെ നിര്‍ത്താന്‍ സമയമായെന്ന് ടാറ്റ പറഞ്ഞുകഴിഞ്ഞു. 2020 ഏപ്രിലോടെ നാനോ ഔദ്യോഗികമായി വിടവാങ്ങും. ഒരുലക്ഷം രൂപയ്ക്ക് കാറെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ നാനോയ്ക്ക് വിപണിയില്‍ പ്രചാരം നിലനിര്‍ത്താനായില്ല. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നുപോലും രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി.
നിലവില്‍ നാനോ പദ്ധതി കമ്പനിക്ക് നഷ്ടമായി മാറുകയാണ്. കാര്‍ വാങ്ങാന്‍ ആളുകള്‍ നന്നേ കുറവ്. 518 യൂണിറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റുപോയത്. വില്‍പ്പനയിടിവ് 80 ശതമാനം.
5. ഫോക്സ്വാഗണ്‍ പസാറ്റ്
സ്‌കോഡ ഒക്ടാവിയയുടേയും ടൊയോട്ട കൊറോള ആള്‍ട്ടിസിന്റേയും നിഴലില്‍ ഒതുങ്ങിനില്‍ക്കാനാണ് ഫോക്സ്വാഗണ്‍ പസാറ്റിന്റെ വിധി. ഫീച്ചറുകളിലും സംവിധാനങ്ങളിലും ധാരാളിത്തമുണ്ടെങ്കിലും 29.99 ലക്ഷം രൂപയെന്ന പ്രൈസ് ടാഗ് ഉപഭോക്താക്കളെ മോഡലില്‍ നിന്നുമകറ്റുന്നു. കഴിഞ്ഞവര്‍ഷം 618 യൂണിറ്റുകളുടെ വില്‍പ്പനയാണ് പസാറ്റിന് നേടാനായത്.
6. ഫിയറ്റ് പുന്തോ ഇവോ
വിപണിയില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോകുന്ന കാറുകളില്‍ പ്രഥമനാണ് ഫിയറ്റ് പുന്തോ ഇവോ. വില്‍പ്പനാനന്തര സേവനങ്ങളിലും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും ഫിയറ്റ് കാട്ടുന്ന നിസംഗത പുന്തോ ഇവോയുടെയും പെര്‍ഫോര്‍മന്‍സ് പതിപ്പായ അബാര്‍ത്ത് പുന്തോയുടെയും പ്രചാരം കാര്യമായി കുറയ്ക്കുന്നു.
കഴിഞ്ഞവര്‍ഷം 619 പുന്തോ യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. വില്‍പ്പനയിടിവ് 71 ശതമാനം. 4.88 ലക്ഷം മുതല്‍ 7.54 ലക്ഷം രൂപ വരെ നീളും പുന്തോയുടെ ഷോറൂം വില.
7. റെനോ ലോഡ്ജി
കാലങ്ങളായി ടൊയോട്ടയും മാരുതിയുടെ കൈയ്യടക്കിയ വിപണിയില്‍ റെനോ ഒരു സുപ്രഭാതത്തില്‍ കടന്നുവന്നത് അതിമോഹമെന്നായി നിരീക്ഷകര്‍ വിലയിരുത്തുന്നു. വില്‍പ്പന കണക്കുകളാകട്ടെ ഇക്കാര്യം ശരിവെയ്ക്കുകയാണ്. പോയവര്‍ഷം 1,126 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലോഡ്ജിയുടെ ആകെ സമ്പാദ്യം. വില്‍പ്പനയിടിവ് 65 ശതമാനം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിറംമങ്ങിയതും ലോഡ്ജിക്ക് ഇന്ത്യയില്‍ വിനയായി.
8. നിസാന്‍ ടെറാനോ
2013 മുതല്‍ വിപണിയിലുള്ള എസ്.യു.വിയാണ് നിസാന്‍ ടെറാനോ. ഡസ്റ്റര്‍ ഇന്ത്യയില്‍ കാര്യമായ പ്രചാരം നേടിയപ്പോഴും ടെറാനോയ്ക്ക് കുതിച്ചു കയറാനായില്ല. ഹ്യുണ്ടായി ക്രെറ്റയുടെ പ്രചാരം ടെറാനോയുടെ സകല പ്രതീക്ഷകളും തെറ്റിച്ചെന്ന് പറയുന്നതാവും ശരി.
2018ല്‍ 1,162 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടെറാനോ ഒതുങ്ങിക്കൂടി. വില്‍പ്പനയിടിവ് 62 ശതമാനം. ഇപ്പോള്‍ ടെറാനോയ്ക്ക് പകരക്കാരനായാണ് കിക്ക്സ് നിസാന്റെ ഇന്ത്യന്‍ നിരയിലേക്ക് കടന്നുവന്നിട്ടുള്ളത്. ഉടന്‍ തന്നെ ടെറാനോ മോഡലുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവും.
9. ഫോക്സ് വാഗണ്‍ ടിഗ്വാന്‍
ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പേരും പെരുമയും കോമ്പാക്ട് എസ്.യു.വി മത്സരത്തില്‍ ടിഗ്വാനെ തുണച്ചില്ല. വിലയാണ് ഇന്ത്യയില്‍ ടിഗ്വാന് വിനയാവുന്നത്. കഴിഞ്ഞവര്‍ഷം 1,228 യൂണിറ്റുകളുടെ വില്‍പ്പന ഫോക്സ്വാഗണ്‍ എസ്.യു.വി കുറിച്ചു. 27.68 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തുന്ന ടിഗ്വാനെക്കാള്‍ മികവുറ്റ, വില കുറഞ്ഞ ആധുനിക എസ്.യു.വികള്‍ ഇന്നു വിപണിയിലുണ്ട്. നിലവില്‍ ഒരു എഞ്ചിന്‍ പതിപ്പ് മാത്രമേ ടിഗ്വാനിലുള്ളൂ.
10. ഹ്യുണ്ടായി എലാന്‍ട്ര
ആകെ 1,415 എലാന്‍ട്ര യൂണിറ്റുകള്‍ മാത്രമാണ് പോയവര്‍ഷം ഇന്ത്യയില്‍ വിറ്റുപോയത്. 2017നെ അപേക്ഷിച്ച് 37 ശതമാനം ഇടിവ് വില്‍പ്പനയില്‍ മോഡല്‍ രേഖപ്പെടുത്തി. 13.68 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് എലാന്‍ട്രയുടെ വില. രാജ്യാന്തര വിപണിയിലുള്ള പുതുതലമുറ എലാന്‍ട്ര വന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി മാറുമെന്ന പ്രതീക്ഷ ഹ്യുണ്ടായിക്കുണ്ട്.