|

പന്ത് ബാറ്റില്‍ കൊണ്ടതിന് എല്‍.ബി.ഡബ്ല്യൂ വേണമെന്ന് പറഞ്ഞ് റിവ്യൂ എടുക്കുന്ന ക്യാപ്റ്റനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ... വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

അമ്പയറുടെ തീരുമാനത്തോട് താരങ്ങള്‍ക്ക് വിയോജിപ്പുണ്ടാകുമ്പോഴാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്നത്. ശാസ്ത്രീയമായ രീതിയില്‍ അമ്പയറുടെ തീരുമാനം പുനപരിശോധിക്കുന്നതാണ് ക്രിക്കറ്റിലെ ഡി.ആര്‍.എസ്. ക്രിക്കറ്റില്‍ വളരെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്.

എന്നാല്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റിവ്യൂ എടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ് ബംഗ്ലാ നായകന്‍ തമീം ഇഖ്ബാല്‍. പന്ത് ബാറ്റില്‍ കൊണ്ടതിന്റെ പേരില്‍ എല്‍.ബി.ഡബ്ല്യൂവിന് വേണ്ടി റിവ്യൂ എടുത്താണ് തമീം പരിഹാസങ്ങേറ്റുവാങ്ങുന്നത്.

ഇംഗ്ലണ്ട് – ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സംഭവം. ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണര്‍ ജേസണ്‍ റോയ്‌യുടെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

ജേസണ്‍ റോയ് 124 പന്തില്‍ നിന്നും 132 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 64 പന്തില്‍ നിന്നും 76 റണ്‍സും നേടി പുറത്തായി. ഇവര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി മോയിന്‍ അലിയും കത്തിക്കയറിയിരുന്നു. 35 പന്തില്‍ നിന്നും 42 റണ്‍സാണ് താരം നേടിയത്.

മോയിന്‍ അലി പുറത്തായതിന് പിന്നാലെ ആദില്‍ റഷീദാണ് ക്രീസിലേക്കെത്തിയത്. താരത്തിനെതിരെയായിരുന്നു തമീം ഇഖ്ബാലിന്റെ റിവ്യൂ. മത്സരത്തിന്റെ 48ാം ഓവിലെ അഞ്ചാം പന്തിലായിരുന്നു സംഭവം.

തസ്‌കിന്‍ അഹമ്മദ് എറിഞ്ഞ യോര്‍ക്കര്‍ ആദില്‍ റഷീദ് കൃത്യമായി ഡിഫന്‍ഡ് ചെയ്തു. എന്നാല്‍ അത് എല്‍.ബി.ഡബ്ല്യൂ ആണെന്ന് വാദിച്ച് ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ അത് റിജക്ട് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് തമീം റിവ്യൂ എടുത്തത്.

ഡി.ആര്‍.എസ്സില്‍ അത് ബാറ്റില്‍ തന്നെ കൊള്ളുകയാണെന്ന് വ്യക്തമായി. ഇതോടെയാണ് ബംഗ്ലാ ക്യാപ്റ്റനെതിരെ ട്രോളുകള്‍ ഉയരുന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 326 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 194 റണ്‍സിന് ത്രീ ലയണ്‍സ് എറിഞ്ഞിടുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച ഷാകിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ സാം കറനും ആദില്‍ റഷീദുമാണ് ബംഗ്ലാദേശിനെ നിലംപരിശാക്കിയത്. മോയിന്‍ അലി ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം മത്സരത്തില്‍ 132 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കി. മാര്‍ച്ച് ആറിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം.

Content Highlight: Worst review in cricket history, fans trolls Tamim Iqbal