| Saturday, 25th March 2023, 5:38 pm

ആറ് കപ്പുള്ള ദൈവത്തിന്റെ പോരാളിക്ക് ഐ.പി.എല്ലില്‍ നാണക്കേടിന്റെ ആറാട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം 2009ല്‍ ആദ്യ കിരീടം ചൂടിയ രോഹിത് ക്യാപ്റ്റന്റെ റോളിലെത്തി അഞ്ച് തവണയാണ് മുംബൈ ഇന്ത്യന്‍സ് എന്ന ദൈവത്തിന്റെ പോരാളികളെ ഐ.പി.എല്ലിന്റെ നെറുകയിലെത്തിച്ചത്.

മികച്ച ക്യാപ്റ്റന്‍ എന്ന ഖ്യാതി സ്വന്തമായുള്ളപ്പോഴും ബാറ്റര്‍ എന്ന നിലയില്‍ രോഹിത് ശര്‍മക്ക് ഐ.പി.എല്ലില്‍ വേണ്ട പോലെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഹിറ്റ്മാന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമാകുന്നതും.

അഞ്ച് കപ്പുള്ള നായകന്‍ എന്ന റെക്കോഡ് സ്വന്തമായുണ്ടെങ്കിലും അതിലേറെ മോശം റെക്കോഡും രോഹിത് ശര്‍മയുടെ പേരിലുണ്ട്. ഒരു ബാറ്റര്‍ എന്ന നിലയില്‍ ഒരിക്കല്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത അനാവശ്യ റെക്കോഡാണ് താരത്തിന്റെ പേരിലുള്ളത്.

ഇതില്‍ പ്രധാനം ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ബാറ്റര്‍ എന്ന മോശം റെക്കോഡാണ്. 14 തവണയാണ് താരം ഡക്കായി പുറത്തായത്. ഇന്ത്യന്‍ താരം മന്‍ദീപ് സിങ്ങിന്റെ പേരിലും ഈ മോശം റെക്കോഡ് ഉണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ – 14 തവണ

മന്‍ദീപ് സിങ് – 14 തവണ

ഹര്‍ഭജന്‍ സിങ് – 13 തവണ

പാര്‍ഥിവ് പട്ടേല്‍ – 13 തവണ

അജിന്‍ക്യ രഹാനെ – 13 തവണ

പിയൂഷ് ചൗള – 13 തവണ

ദിനേഷ് കാര്‍ത്തിക് – 13 തവണ

അംബാട്ടി റായിഡു – 13 തവണ

ഇതിന് പുറമെ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരം എന്ന റെക്കോഡും രോഹിത് ശര്‍മക്ക് സ്വന്തമാണ്. 60 തവണയാണ് കളിച്ച ഇന്നിങ്‌സുകളില്‍ താരം ഒറ്റയക്കത്തിന് പുറത്തായത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ – 60

ദിനേഷ് കാര്‍ത്തിക് – 58

സുരേഷ് റെയ്‌ന – 52

റോബിന്‍ ഉത്തപ്പ – 51

ശിഖര്‍ ധവാന്‍ – 46

എ.ബി. ഡി വില്ലിയേഴ്‌സ് – 45

ടീമിന്റെ ഓപ്പണറായിട്ടുകൂടി 2017 മുതല്‍ ഇങ്ങോട്ട് ഒറ്റ സീസണില്‍ പോലും 30+ ശരാശരി കണ്ടെത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കാന്‍ സാധിക്കുന്നതാണ്.

2017 – 23.78 ശരാശരിയില്‍ 333 റണ്‍സ്

2018 – 23.83 ശരാശരിയില്‍ 286 റണ്‍സ്

2019 – 28.92 ശരാശരിയില്‍ 405 റണ്‍സ്

2020 – 27.66 ശരാശരിയില്‍ 332 റണ്‍സ്

2021 – 29.30 ശരാശരിയില്‍ 381 റണ്‍സ്

2022 – 19.14 ശരാശരിയില്‍ 268 റണ്‍സ്, എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് സീസണിലെ താരത്തിന്റെ ബാറ്റിങ് ആവറേജ്.

ഒരിക്കല്‍ മാത്രമാണ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് വന്നത്. അന്ന് ടീമിനെ നയിച്ചതും രോഹിത് ശര്‍മ തന്നെയായിരുന്നു.

പുതിയ സീസണില്‍ പുത്തന്‍ ഉണര്‍വോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലേറ്റ കനത്ത പരാജയത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് തങ്ങളുടെ ആറാം കിരീടം തന്നെ ലക്ഷ്യമിട്ടാണ് ഹിറ്റ്മാനും സംഘവും ഐ.പി.എല്‍ 2023ന് തയ്യാറെടുക്കുന്നത്.

Content highlight: Worst record of Rohit Sharma in IPL

We use cookies to give you the best possible experience. Learn more