ഐ.പി.എല്‍ 2022 ആളും ആരവവുമായി കൊടിയിറങ്ങിയിരിക്കുകയാണ്. മികച്ച സ്‌കോറുകളും അതിനേക്കാള്‍ മികച്ച റണ്‍ ചെയ്‌സും എണ്ണം പറഞ്ഞ ഇന്നിംഗ്‌സുകളുമായി ആക്ഷനും ത്രില്ലും സമ്മാനിച്ച് തന്നെയാണ് ഐ.പി.എല്‍ വിടപറയുന്നത്.
ഓരോ താരങ്ങളും തങ്ങളുടെ മികച്ച പ്രകടനം തങ്ങളുടെ ടീമിനായി പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചില താരങ്ങളാകട്ടെ ടീം തങ്ങളുടെ മേലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ പോയവരുമാണ്.
അണ്‍ക്യാപ്ഡ് താരങ്ങള്‍ മുതല്‍ സീനിയിര്‍ താരങ്ങളും എന്തിന് ടി-20 സ്‌പെഷ്യലിസ്റ്റുകള്‍ വരെ ഇത്തരത്തില്‍ തോല്‍വികളായിട്ടുണ്ട്. ഇത്തരത്തില്‍ ഓരോ ടീമും കാശെറിഞ്ഞ് ടീമിലെത്തിച്ചിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ താരങ്ങളെ പരിശോധിക്കാം.
മുംബൈ ഇന്ത്യന്‍സ് – കെയ്‌റോണ്‍ പൊള്ളാര്‍ഡ്
മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് സീസണ്‍ വന്‍ പരാജയമായിരുന്നു. സീസണില്‍ അവസാനം ഫിനിഷ് ചെയ്യുകയും ആദ്യം പുറത്താവുകയും ചെയ്ത് നാണംകെട്ടാണ് ടീം ഐ.പി.എല്‍ 2022നോട് വിട പറയുന്നത്.
സീസണില്‍ മുംബൈ ഇന്ത്യന്‍സിലെ ഏറ്റവും വലിയ പരാജയം കരീബിയന്‍ ഹാര്‍ഡ് ഹിറ്റര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് തന്നെയായിരുന്നു. 6 കോടി രൂപ നല്‍കി നിലനിര്‍ത്തിയ താരത്തിന് ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മുന്‍ കാലങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലായിരുന്ന പൊള്ളാര്‍ഡ് ഐ.പി.എല്‍ 2022ലെ വന്‍പരാജയം തന്നെയായിരുന്നു. (ഒരുപരിധി വരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – രവീന്ദ്ര ജഡേജ
മുന്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ തന്നെയായിരുന്നു ടീമിലെ ഏറ്റവും വലി വീക്ക് ലെഗ്. ക്യാപ്റ്റന്‍സിയുടെ അമിതഭാരമേറ്റെടുക്കേണ്ടി വന്നപ്പോള്‍, തന്റെ ക്ലാസിക് കളിരീതി മറന്നുപോയ ജഡേജയെയായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. 16 കോടി നല്‍കി നിലനിര്‍ത്തിയ ജഡ്ഡുവിനെ തകര്‍ത്തുകളഞ്ഞത് ക്യാപ്റ്റന്‍സി തന്നെയാണ്.
എല്ലാത്തിനുമൊടുവില്‍ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കുകയും അവസാനം താരം ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു (റെയ്‌നയുടെ ഗതി വരാതിരിക്കട്ടെ).
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – കെയ്ന്‍ വില്യംസണ്‍
കളി ജയിക്കണമെങ്കില്‍ ചിരി മാത്രം പോരാ, കളിയും വേണമെന്ന് മറന്നുപോയ താരമായിരുന്നു സണ്‍റൈസേഴ്‌സിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലാന്‍ഡിനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിപ്പിച്ച എക്കാലത്തേയും മികച്ച താരങ്ങളിലൊരാള്‍ ഐ.പി.എല്ലിലെത്തി ടെസ്റ്റ് കളിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.
14 കോടി നല്‍കി നിലനിര്‍ത്തിയ ക്യാപ്റ്റന്‍ ഒന്നുമല്ലാതാവുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റിന് കഴിഞ്ഞിരുന്നുള്ളൂ. (വാര്‍ണര്‍ നിങ്ങളോട് പൊറുക്കട്ട)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ശിവം മാവി
ഏഴേകാല്‍ കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത വലംകയ്യന്‍ പേസറെ ടീമിലെത്തിച്ചത്. എന്നാല്‍ സാമാന്യം മെച്ചപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയതിനാല്‍ കെ.കെ.ആറിന് വേണ്ടി ആറ് മത്സരമാണ് മാവി കളിച്ചത്.
ആ ആറ് മത്സരത്തില്‍ നിന്നും 10.32 എക്കോണമിയിലും 45.40 ആവറേജിലുമായി 227 റണ്‍സാണ് താരം വഴങ്ങിയത്. 5 വിക്കറ്റ് മാത്രമായിരുന്നു താരത്തിന് സ്വന്തമാക്കാനായത്.
പഞ്ചാബ് കിംഗ്‌സ് – മായങ്ക് അഗര്‍വാള്‍
ഐ.പി.എല്‍ 2022ല്‍ നിരാശപ്പെടുത്തിയ അടുത്ത നായകനാണ് മായങ്ക് അഗര്‍വാള്‍. 12 കോടി നല്‍കി പഞ്ചാബ് നിലനിര്‍ത്തിയ താരമായിരുന്നു മായങ്ക്. എന്നാല്‍ അതിനുള്ള കളി പുറത്തെടുക്കാന്‍ താരത്തിനായിട്ടില്ല. 13 മത്സരത്തിലെ 12 ഇന്നിംഗ്‌സില്‍ നിന്നും കേവലം 16.33 ആവറേജില്‍ 196 റണ്‍സ് മാത്രമാണ് മായങ്ക് നേടിയത്.
ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഷര്‍ദുല്‍ താക്കൂര്‍
ദല്‍ഹി ക്യാപ്പിറ്റല്‍സിലെ വലംകയ്യന്‍ ബൗളറായിരുന്ന ഷര്‍ദുല്‍ താക്കൂറാണ് ടീമില്‍ ഏറ്റവും നിരാശപ്പെടുത്തിയത്. 10.75 കോടിക്കായിരുന്നു താക്കൂറിനെ ടീമിലെത്തിച്ചത് എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാതെ പോയി.
14 മത്സരത്തില്‍ നിന്നും 9.79 എക്കോണമിയില്‍ 473 റണ്‍സാണ് താരം വഴങ്ങിയത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – മുഹമ്മദ് സിറാജ്
കഴിഞ്ഞ സീസണുകളില്‍ ആര്‍.സി.ബിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു സിറാജ്. എന്നാല്‍ ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനാവാതെ പോവുകയും സീസണിലെ ദുരന്തനായകരില്‍ ഒരാളായി മാറുകയും ചെയ്ത താരമായിരുന്നു സിറാജ്.
7 കോടി രൂപയ്ക്കായിരുന്നു സിറാജിനെ ആര്‍.സി.ബി നിലനിര്‍ത്തിയത്. എന്നാല്‍ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരുന്നു താരം സീസണില്‍ നടത്തിയത്. (സീസണിന്റെ പകുതി വരെ വിരാട് കോഹ്‌ലിയും ഇതേ ഗണത്തില്‍ തന്നെയായിരുന്നു)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മാര്‍കസ് സ്‌റ്റോയിന്‍സ്
9 കോടി 20 ലക്ഷം രൂപയ്ക്കായിരുന്നു ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിന്‍സിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ ആ ഓള്‍ റൗണ്ട് മികവ് പുറത്തെടുക്കാന്‍ താരത്തിനായില്ല.
സീസണില്‍ കളിച്ച 11 മത്സരത്തില്‍ നിന്നും 19.50 ആവറേജില്‍ 156 റണ്‍സ് മാത്രമാണ് സ്റ്റോയിന്‍സിന് നേടാനായത്. ബൗളിംഗില്‍ 11.29 എക്കോണമിയില്‍ നാല് വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്.
രാജസ്ഥാന്‍ റോയല്‍സ് – റിയാന്‍ പരാഗ്
3.80 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ യുവതാരത്തെ തിരികെ ടീമിലെത്തിച്ചത്. ഫീല്‍ഡിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നുവെങ്കിലും ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ പരാജയം തന്നെയായിരുന്നു പരാഗ്. 14 മത്സരത്തില്‍ നിന്നും 16.64 ആവറേജില്‍ 183 റണ്‍സാണ് താരം നേടിയത്.
നാല് മത്സരത്തില്‍ രാജസ്ഥാന് വേണ്ടി പന്തെറിഞ്ഞ താരം 14.75 എക്കോണമിയില്‍ 59 റണ്‍സും താരം വിട്ടു നല്‍കിയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് – മാത്യു വെയ്ഡ്
2.40 കോടിക്കായിരുന്നു ചാമ്പ്യന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് വെയ്ഡിനെ ടീമിലെത്തിച്ചത്. അവസരങ്ങള്‍ ലഭിച്ചിട്ടും അതിന് കഴിയാതെ പോയ താരമായിരുന്നു വെയ്ഡ്.
സീസണില്‍ 10 മത്സരത്തില്‍ കളിച്ച താരം 15.70 ആവറേജില്‍ 157 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 113.77ഉം.
Content Highlight: Worst picks of each team in IPL 2022