ലീഗ് വണ്ണിലെ തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമല്ലെന്ന ഘട്ടത്തിൽ നിർണായകമായ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പി.എസ്.ജി.
നൈസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്.
മെസിയും റാമോസുമാണ് പാരിസ് ക്ലബ്ബിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയത് കൂടാതെ റൊണാൾഡോയുടെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ സ്കോർ ചെയ്ത ഗോളെണ്ണവും മെസി നൈസിനെതിരായ മത്സരത്തിൽ മറികടന്നിരുന്നു.
എന്നാൽ പി.എസ്.ജിയുടെ വിജയത്തിലും ക്ലബ്ബിന്റെ സൂപ്പർ താരമായ കിലിയൻ എംബാപ്പെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്ലബ്ബിന്റെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയ എംബാപ്പെ ഒട്ടേറെ പിഴവുകളും മത്സരത്തിൽ വരുത്തിയിരുന്നു.
ഇതോടെയാണ് താരത്തിനെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയത്.
‘എംബാപ്പെയുടെ കരിയറിലെ ഏറ്റവും മോശം മത്സരം,’ ‘മെസി റൊണാൾഡോക്ക് നൽകിയ പന്തെല്ലാം അയാൾ ചൊവ്വയിലേക്ക് അടിച്ചു തെറിപ്പിക്കുകയാണ്, ‘എംബാപ്പെയെ വിൽക്കുന്നതായിരിക്കും പി.എസ്.ജിക്ക് നല്ലത്, ‘ഇത്രയും ഓവർ റേറ്റഡായ മറ്റൊരു പ്ലെയർ വേറേയില്ല,
തുടങ്ങിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് എംബാപ്പെക്കെതിരെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഉയർത്തുന്നത്.
അതേസമയം മത്സരത്തിൽ വിജയിച്ചതോടെ കനത്ത മത്സരം നടക്കുന്ന ലീഗ് വണ്ണിൽ പി.എസ്.ജിക്ക് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
നിലവിൽ 30 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റാണ് പി.എസ്.ജിക്കുള്ളത്.
ഏപ്രിൽ 16ന് ഇന്ത്യൻ സമയം രാത്രി 12:30ന് ലെൻസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:Worst performance of his career fans criticize mbappe