ശ്രീനഗര്‍: ജമ്മുകശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ ബി.എസ്.എഫ് ഓഫീസര്‍ കര്‍നെയില്‍ സിങ് നല്‍കിയ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് സഞ്ജയ് ധാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇത്തരം പ്രവര്‍ത്തികള്‍ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
‘മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ആയിരക്കണക്കിന് മത്സരാര്‍ത്ഥികളുടെ ഭാവിയെക്കൊണ്ടാണ് കളിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ കൊലപാതകത്തേക്കാള്‍ ഹീനമാണ്.
കാരണം ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ ആ വ്യക്തിയുടെ ജീവനെ മാത്രമേ ബാധിക്കുന്നുള്ളൂ. എന്നാല്‍ ഒരു വ്യക്തിയുടെ കരിയര്‍ തകരുന്നത് ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കും’, കോടതി വ്യക്തമാക്കി.
സി.ബി.ഐ തന്നെ വ്യാജ കേസില്‍ കുടുക്കിയതാണെന്നും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ കമാന്‍ഡന്റ് മെഡിക്കല്‍ ഓഫീസറാണ് താനെന്നും ജാമ്യാപേക്ഷയില്‍ കര്‍നെയില്‍ സിങ് പറഞ്ഞു. ഈ കേസിലെ അന്വേഷണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേസില്‍ കുറ്റാരോപിതരായ മറ്റ് വ്യക്തികളുടെയും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ മറ്റ് ആരോപണങ്ങളുടെയും അന്വേഷണം നടക്കുന്നതിനാല്‍ കേസിലെ അന്വേഷണം പൂര്‍ത്തിയായെന്ന ഹരജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.