| Monday, 19th August 2019, 8:57 am

മൗനം വെടിയാതെ തേജസ്വി യാദവ്; ആശങ്കയോടെ ആര്‍.ജെ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പാര്‍ട്ടിയോഗങ്ങളില്‍നിന്നും പിന്‍വാങ്ങുന്നെന്ന് സൂചന. ശനിയാഴ്ച പാര്‍ട്ടി തീരുമാനിച്ച യോഗത്തിലും തേജസ്വി എത്തിയില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടി യോഗം മാറ്റിവക്കുകയായിരുന്നു. തേജസ്വി യാദവ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റബ്രി ദേവി അറിയിച്ചതിനുപിന്നാലെയായിരുന്നു തേജസ്വി യോഗത്തില്‍നിന്നും വിട്ടുനിന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തേജസ്വി എല്ലാ പൊതുപരിപാടികളില്‍നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. നിയമസഭാ സമ്മേളത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ചര്‍ച്ചകളില്‍ അദ്ദേഹം ഇടപെട്ടില്ല. പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള പാര്‍ട്ടി പരിപാടിയില്‍നിന്നും അദ്ദേഹം വിട്ടുനിന്നു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ തേജസ്വി ട്വീറ്റുകളിലൂടെ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. മിസാപൂരിലും വൈശാലിയിലും കുട്ടികള്‍ കൂട്ടമായി രോഗബാധിതരായി മരിച്ച സംഭവത്തിലും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചിരുന്നു.

സംസ്ഥാനരാഷ്ട്രീയത്തില്‍ തേജസ്വിയുടെ നിസംഗതയില്‍ പാര്‍ട്ടിക്ക് ആശങ്കയേറുകയാണ്. പാര്‍ട്ടിയുടെ പൂര്‍ണചുമതലയാണ് തേജസ്വി ആഗ്രഹിക്കുന്നത്. അത് സാധ്യമാകാത്തതില്‍ അദ്ദേഹം അസ്വസ്തനാണ്. പാര്‍ട്ടിക്കുണ്ടായ പരാജയത്തില്‍ ചില നേതാക്കള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതും അദ്ദേഹത്തെ ദുഃഖിതനാക്കുന്നുണ്ടായിരിക്കണം’, തേജസ്വിയുടെ നിസഹകരണത്തെക്കുറിച്ച് നേതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്.

തേജസ്വിയുടെ നിശബ്ദതയ്‌ക്കെതിരെ പാര്‍ട്ടിയില്‍നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more