'ജയിച്ചത് ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം, തോറ്റത് ഗാന്ധിയുടെ പ്രത്യയശാസ്ത്രം'; പ്രജ്ഞയുടെ വിജയത്തെക്കുറിച്ച് ദിഗ്‌വിജയ് സിങ്
ഭോപ്പാല്‍: ഗാന്ധിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം ജയിച്ചെന്നും ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്. ഭോപ്പാലില്‍ മത്സരിച്ച സിങ്ങിനെ ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് താക്കൂര്‍ പരാജയപ്പെടുത്തിയിരുന്നു.
പരാജയത്തെക്കുറിച്ചു സംസാരിക്കാനായി ഭോപ്പാലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിങ്. ‘ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യപ്രകാരം ഞാന്‍ ഈ ജനവിധിയെ അംഗീകരിക്കുന്നു. പക്ഷേ ഞാനൊരു കാര്യത്തില്‍ ആശങ്കാകുലനാണ്. ഗാന്ധിയെ കൊന്ന അതേ പ്രത്യയശാസ്ത്രമാണ് ഇവിടെ ജയിച്ചത്. ഗാന്ധിയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടു.’- അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ യഥാര്‍ഥ ദേശസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു സിങ് ഇക്കാര്യം പറഞ്ഞത്.
എന്തു മന്ത്രവടി കൊണ്ടാണ് ബി.ജെ.പി ഈ ജയം നേടിയതെന്നു മനസ്സിലാകുന്നില്ല. 2014-ലെ പ്രചാരണത്തില്‍ ബി.ജെ.പിയുടെ മുദ്രാവാക്യം 280 പ്ലസ് എന്നുള്ളതായിരുന്നു. അതവര്‍ നേടി. ഇത്തവണ 300 പ്ലസ് എന്നുള്ളതായിരുന്നു. അതും അവര്‍ നേടി. തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവചിക്കുന്നത് അതേപടി നടപ്പിലാകുന്നത് എന്ത് മാജിക്ക് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മോദി സര്‍ക്കാരിന് ഭീകരവാദത്തിനെതിരേ അതിശയിപ്പിക്കുന്ന ട്രാക്ക് റെക്കോഡില്ലെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരുടെ കണക്ക് എല്ലാക്കാലത്തേക്കാളും കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെ ബി.ജെ.പി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു. മധ്യപ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ബി.ജെ.പിക്കു ദഹിച്ചിട്ടില്ല. കോടിക്കണക്കിനു രൂപയാണു ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്തത്. പക്ഷേ ഒരാള്‍പ്പോലും അപ്പുറത്തേക്കു പോയിട്ടില്ല. പോകുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്ഞയോട് 3.64 ലക്ഷം വോട്ടിനായിരുന്നു സിങ്ങിന്റെ പരാജയം. 2014-ല്‍ കോണ്‍ഗ്രസിന്റെ അലോക് സഞ്ജാര്‍ 3.70 ലക്ഷം വോട്ടിനു വിജയിച്ച മണ്ഡലം കൂടിയാണ് ഭോപ്പാല്‍.