സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍ തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കും, വാഗ്ദാനം ചെയ്ത 2 കോടി ജോലികളും നല്‍കിയില്ല: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി
national news
സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍ തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കും, വാഗ്ദാനം ചെയ്ത 2 കോടി ജോലികളും നല്‍കിയില്ല: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 7:11 am

ന്യൂദല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

കോടിക്കണക്കിന് വരുന്ന തൊഴിലില്ലാത്തവര്‍ക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞതായി ബി.ജെ.പി വക്താവ് എം.ആര്‍. മാലിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണ്. നമ്മുടെ ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കണമെന്നാണ്. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധ്യമാണ്,’ പ്രസ്താവനയില്‍ പറയുന്നു.

ആര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ല, വാഗ്ദാനം ചെയ്ത 2 കോടി ജോലികള്‍ നല്‍കിയില്ല. കര്‍ഷകന്റെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ലെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയം രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമാണ്. തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാട്ടം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ സ്പര്‍ദ്ധ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. രാജ്യത്തിന്റെ ഭാവി പ്രസംഗങ്ങള്‍ കൊണ്ടോ തെരഞ്ഞെടുപ്പില്‍ ജയിച്ച് തോല്‍ക്കുന്നതിലൂടെയോ അല്ല. എന്നാല്‍ രാജ്യത്തിനായുള്ള യഥാര്‍ത്ഥ സേവനത്തിലൂടെയാണ് സംഭവിക്കുന്നത്,’ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ആശങ്കാകുലനാണ്. ഇവിടെ സ്വപ്നങ്ങള്‍ വലുതും വിഭവങ്ങള്‍ പരിമിതവുമാണ്. സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍, തൊഴിലവസരങ്ങളും പരിമിതമാകുകയും തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയും ചെയ്യുമെന്നും വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: Worried For India’s Future: BJP’s Varun Gandhi’s Swipe At Centre On Jobs