ശ്രീനഗര്‍: അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ താന്‍ വീട്ടുതടങ്കലിലാണെന്ന വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക് അടുത്തതിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
തന്റെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ചടങ്ങിനായി പോകാന്‍ ഇറങ്ങുമ്പോഴാണ് ഗെയ്റ്റ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതെന്നും മുഫ്തി പറഞ്ഞു. ഇതിന്റെ ചിത്രവും ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ഒരു മുന്‍ മുഖ്യമന്ത്രിയുടെ മൗലികാവകാശത്തിന് വിലങ്ങിടാന്‍ ഇത്രയെളുപ്പത്തില്‍ ഭരണകൂടത്തിന് സാധിക്കുമെങ്കില്‍ സാധാരണക്കാരന്റെ കാര്യം കഷ്ടമായിരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ശ്രീനഗര്‍ പൊലീസ് ഇത് നിഷേധിച്ചു. വിവാഹത്തിന് പോകാന്‍ മുഫ്തി നേരത്തെ അനുമതി തേടിയിരുന്നുവെന്നും ഇതിനാവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും സംഘം പറഞ്ഞു. മെഹ്ബൂബ മുഫ്തിയുടെ പോസ്റ്റ് വന്നതിന് പിന്നാലെയാണിത്.
എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ പട്ടാനിലെ ചടങ്ങിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് എസ്.പി തന്നെ അറിയിച്ചിരുന്നുവെന്നും അതിന് പിന്നാലെയാണ് ഗെയ്റ്റ് അടച്ചിരിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. നിയമം പരിരക്ഷേക്കണ്ടവര്‍ അവരുടെ ട്രാക്കുകള്‍ മറയ്ക്കാന്‍ വേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇതിനെതിരേയും പ്രതികരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
സന്ദര്‍ശനം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് സുരക്ഷാ സംബന്ധമായ ചില ഇന്‍പുട്ടുകള്‍ അറിയിച്ചിരുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ താതപര്യമില്ലെങ്കില്‍ അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററിലൂടെയാണ് ഇരുവരുടേയും പോര് കനക്കുന്നത്.
Content Highlight: Worried about the plight of commoner in today’s rule says Mehbooba mufi, Mehboob again under home inprisonement amid amit shah’s visit to kashmir