| Thursday, 7th November 2024, 11:57 am

ദുരിത ബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി; മേപ്പാടിയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യ കിറ്റില്‍ പഴകിയ അരി കിട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പഞ്ചായത്ത് നല്‍കിയ ഭക്ഷ്യകിറ്റിലെ അരി, മൈദപ്പൊടി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കിറ്റില്‍ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മേപ്പാടി പഞ്ചായത്തില്‍ പുഴുവരിച്ച കിറ്റുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരിയും കേടായ മൈദയും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസതുക്കള്‍ കണ്ടെത്തിയത്.

ഭക്ഷ്യകിറ്റ് വിതരണത്തിലുണ്ടായ അപാകത ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് മാപ്പ് പറയണം എന്നാവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയും പ്രവര്‍ത്തകുമായി വാക്കേറ്റമുണ്ടായതായും ചര്‍ച്ചകള്‍ വിഫലമായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ നിന്നും ലഭിച്ച സാധനങ്ങളാണ് വിതരണം ചെയ്തതാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിക്കുന്നത്.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അഞ്ച് കിറ്റുകളാണ് ഇത്തരത്തില്‍ ഭക്ഷ്യ യോഗ്യമല്ലാതിരുന്നത്.

രണ്ട് മണിക്കൂറോളം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഭരണസമിതി പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിക്കൊണ്ടാണ് പഞ്ചായത്ത് അധികൃതര്‍ കിറ്റ് വിതരണം ചെയ്തതെന്നാണ് ഡി.വൈ.എഫ്. ഐ ഉന്നയിക്കുന്നത്. ഇതിനെതിരെ അന്വേഷണമുണ്ടാകണമെന്നും നടപടി സ്വീകരിക്കമണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Worm-boiled rice was given to the afflicted; Protest in Meppadi

Latest Stories

We use cookies to give you the best possible experience. Learn more