ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപം നിയമപ്രകാരം; ന്യൂയോര്‍ക്ക് ടൈംസിന്റേത് വ്യാജ വാര്‍ത്ത: അമേരിക്കന്‍ കമ്പനി
national news
ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപം നിയമപ്രകാരം; ന്യൂയോര്‍ക്ക് ടൈംസിന്റേത് വ്യാജ വാര്‍ത്ത: അമേരിക്കന്‍ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2023, 8:44 am

ന്യൂദല്‍ഹി: ന്യൂസ്‌ക്ലിക്ക് നിയമവിരുദ്ധമായി വിദേശപണം സ്വീകരിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ച വേള്‍ഡ് മീഡിയ ഹോള്‍ഡിങ്‌സ് (ഡബ്ല്യൂ.എം.എച്ച്). ഇന്ത്യന്‍ നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ന്യൂസ്‌ക്ലിക്കില്‍ പണം നിക്ഷേപിച്ചതെന്ന് ഡബ്ല്യൂ.എം.എച്ചിന്റെ പങ്കാളിയും അമേരിക്കന്‍ അഭിഭാഷകനുമായ ജേസണ്‍ ഫെച്ചര്‍ പറഞ്ഞു.

പീപ്പിള്‍സ് സപ്പോര്‍ട്ട് ഫൗണ്ടേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഡബ്ല്യൂ.എം.എച്ച്. നെവില്‍ റോയ് സിങ്കം സ്ഥാപിച്ച ‘തോട്ട് വര്‍ക്ക്‌സ്’ എന്ന ഐ.ടി കമ്പനിയുടെ വില്‍പ്പനയ്ക്ക് ശേഷമാണ് 2017ല്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്.

ജനകേന്ദ്രീകൃത മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ്‌ക്ലിക്കില്‍ നിക്ഷേപം നടത്തിയതെന്നും ഫെച്ചര്‍ പറഞ്ഞു. തോട്ട് വര്‍ക്ക്‌സില്‍ താനും പ്രബീര്‍ പുരകായസ്തയും സഹപ്രവര്‍ത്തകരായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്ക് ടൈംസിന്റെ അര്‍ധസത്യം നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടാണ് ന്യൂസ് ക്ലിക്കിന്റെ മേധാവിമാരുടെ അറസ്റ്റിന് കാരണമായതെന്നും ഫെച്ചര്‍ ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചു.

ഇതിനിടെ ശനിയാഴ്ച രാത്രി ദല്‍ഹിയിലെ ന്യൂസ്‌ക്ലിക്കിന്റെ സീല്‍ചെയ്ത ഓഫീസില്‍ നിന്ന് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് എടുത്തുകൊണ്ടുപോയെന്ന് ന്യൂസ് ക്ലിക്ക് അറിയിച്ചു. മാധ്യമപ്രവര്‍ത്തനം ഇനി സാധ്യമല്ലാത്ത രീതിയിലാണ് പൊലീസ് നടപടിയെന്നും ന്യൂസ് ക്ലിക്ക് ചൂണ്ടിക്കാട്ടി.

Content Highlights: Worldwide Media Holdings clarified that the company followed all aspects of Indian law before its investment